- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് മയക്കുമരുന്നുമായി മൂന്ന് ബിടെക് ബിരുദധാരികൾ പിടിയിൽ; എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെടുത്തു
കോഴിക്കോട്: സിറ്റി പൊലീസിന്റെ ലഹരി വിരുദ്ധ പ്രത്യേക പരിശോധനയിൽ പിടിയിലായത് വൻ ലഹരിമരുന്ന് സംഘം. പാലാഴി അത്താണിയിലെ സ്വകാര്യ അപ്പാർട്‌മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തി വന്ന മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫൻഷാസ് (24), വയനാട് കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി (22) എന്നിവരെയാണ് എസ് ഐ ധനഞ്ജയദാസ് ടി വി യുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫും ) ചേർന്ന് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാഴി എം എൽ എ റോഡിലുള്ള സ്വകാര്യ ഫ്‌ളാറ്റിൽ പരിശോധന നടത്തവേയാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക സിന്തറ്റിക് മരുന്നുകളായ 31.30 ഗ്രാം എംഡിഎംഎ, 35 എൽഎസ്ഡി സ്റ്റാമ്പ്, 780 മി. ഗ്രാം എക്സ്റ്റസി പിൽ, 11.50 ഗ്രാം കഞ്ചാവ്, മൂന്ന് മി. ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തത്. വളരെ കുറഞ്ഞ ആളവിൽ എംഡിഎംഎ കൈവശം വെക്കുന്നത് പോലും പത്ത് വർഷത്തോളം തടവ് ലഭിക്കാവുന്ന കുറ്റകൃത്യം ആണ്. ഇവന്റ് മാനേജ്‌മെന്റിന്റെ മറവിലാണ് ഇവർ ലഹരി കച്ചവടം നടത്തിയത്.
ബിടെക്ക് ബിരുദധാരികളായ യുവാക്കൾക്ക് എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചുവെന്നതിനെക്കുറിച്ചും ആർക്കൊക്കെയാണ് വിൽപ്പന നടത്തിയതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പന്തീരാങ്കാവ് സർക്കിൾ ഇൻസ്‌പെക്ടർ ഗണേശ് കുമാർ എൻ പറഞ്ഞു. ഡാൻസാഫ് അസി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, സീനിർ സി പി ഒ കെ അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ് സി പി ഒ പ്രഭീഷ് ടി, ശ്രീജിത്ത് കുമാർ പി, സി പി ഒ മാരായ രഞ്ജിത്ത് എം, സനൂജ് എൻ, കിരൺ പികെ, ഹരീഷ് കുമാർ ടി കെ, സുബിൻ വി എം, വിഷ്ണു തുടങ്ങിയവരായിരുന്നു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ ലോഡ്ജിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയുമായി അരീക്കോട് സ്വദേശിയായ യുവതിയും കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശിയും പിടിയിലായിരുന്നു.
കഴിഞ്ഞ മാസം ഡാൻസാഫിന്റെ നേതൃത്വത്തിൽ വൻ ലഹരി മരുന്ന് വേട്ടയാണ് കോഴിക്കോട് സിറ്റിയിൽ നടത്തിയത്. ആറ് കേസുകളിലായി 300 ഗ്രാം എംഡിഎംഎ യും ഇരുപത് കിലോയോളം കഞ്ചാവും 400 എണ്ണം എൽ എസ് ഡി സ്റ്റാബും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.