ശ്രീകാര്യം: ചുമട്ടു തൊഴിലാളികളുടെ പിടിവാശിയെ തുടർന്ന് വീട്ടിലേക്ക് കൊണ്ടുവന്ന തറയോട് പാക്കറ്റുകൾ ഒറ്റയ്ക്കിറക്കി വീട്ടമ്മ. ഭർത്താവ് മരിച്ചു പോയ സ്ത്രീക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പൗഡിക്കോണം പാണൻവിളയ്ക്കടുത്തു പുത്തൻവിള ബഥേൽ ഭവനിൽ ദിവ്യ പണിയിക്കുന്ന വീട്ടിലാണ് സംഭവം. ലോഡ് ഇറക്കിയാൽ കൂലി നൽകാൻ പണമില്ലെന്നും തങ്ങൾ തന്നെ ഇറക്കിക്കോളാമെന്ന് അറിയിച്ചതോടെയാണ് ചുമട്ടു തൊഴിലാളികളുടെ ക്രൂര മുഖ പുറത്ത് വന്നത്.

ചുമടിറക്കുന്നെങ്കിൽ വീട്ടുടമസ്ഥ തന്നെ ഇറക്കണമെന്നും മറ്റാരും ഇവരെ സഹായിക്കാൻ പാടില്ലെന്നും ഇവർ വാശി പിടിക്കുക ആയിരുന്നു. ഇതോടെയാണ് ഒരു മിനി ലോറിയിലെത്തിയ തറയോട് പാക്കറ്റുകൾ മുഴുവനും ദിവ്യ തന്നെ ചുമന്നിറക്കിയത്. ർത്താവ് മരണപ്പെട്ട ദിവ്യ കേശവദാസപുരത്തെ കണ്ണാശുപത്രിയിലെ കാന്റീനിൽ ജോലിചെയ്താണ് കുടുംബം പുലർത്തുന്നത്. നാലുകൊല്ലംമുമ്പ് പണി തുടങ്ങിയതാണെങ്കിലും സാമ്പത്തികപ്രയാസം കാരണം പൂർത്തിയായിട്ടില്ല.

തിരുവനന്തപുരം നഗരസഭയിൽനിന്നുള്ള സഹായംകൂടി പ്രയോജനപ്പെടുത്തിയാണ് വീടുപണിയുന്നത്. സഹോദരൻ ബിനുവും അദ്ദേഹത്തിന്റെ ഭാര്യ രജനിയുമാണ് ദിവ്യക്കുവേണ്ടി തിങ്കളാഴ്ച രാവിലെ തറയോടുകൾ വാങ്ങിക്കൊണ്ടുവന്നത്. പത്തരയോടെ മിനിലോറി ദിവ്യയുടെ വീട്ടുവളപ്പിൽക്കയറ്റിയപ്പോൾ ബിനു ഏതാനും ഗ്രാനൈറ്റ് പാളികളും മൂന്നോ നാലോ തറയോടു പായ്ക്കറ്റുകളും ഇറക്കിവെച്ചു. അപ്പോഴാണ് വിവിധ യൂണിയനുകളിൽപ്പെട്ട, യൂണിഫോമണിഞ്ഞ പത്തോളം ചുമട്ടുതൊഴിലാളികൾ ലോഡിറക്കാൻ വന്നത്.

കൂലി കൊടുക്കാൻ കാശില്ലെന്ന് ബിനുവും രജനിയും പറഞ്ഞു. ഒടുവിൽ, അഞ്ഞൂറുരൂപ കൊടുത്തു പറഞ്ഞുവിടാൻ ബിനു ശ്രമിച്ചെങ്കിലും തൊഴിലാളികൾ വാങ്ങിയില്ല. വീട്ടുടമയേ ലോഡിറക്കാവൂവെന്നും മറ്റുള്ളവർ അതു ചെയ്യാൻ പാടില്ലെന്നും തൊഴിലാളികൾ ശഠിച്ചു. ഭർത്താവ് മരിച്ച സ്ത്രീയാണെന്നും ഗൃഹനാഥനില്ലെന്നും അറിയിച്ചിട്ടും തൊഴിലാളികൾ വഴങ്ങിയില്ല.

വീട്ടുടമസ്ഥയുടെ സഹോദരനും ഭാര്യയുമാണെന്ന് ബിനുവും രജനിയും സ്വയം പരിചയപ്പെടുത്തിയെങ്കിലും തൊഴിലാളികളുടെ മനസ്സ് അലിഞ്ഞില്ല. വിവരമറിഞ്ഞ്, പന്ത്രണ്ടുമണിയോടെ ദിവ്യ വന്നു. തറയോടു പായ്ക്കറ്റുകൾ താഴെയിറക്കാൻ ദിവ്യയെ ബിനുവും രജനിയും സഹായിക്കാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ അനുവദിച്ചില്ല. വീട്ടുടമസ്ഥ ഒറ്റയ്ക്കുതന്നെ അതു ചെയ്യണമെന്ന് അവർ വാശിപിടിച്ചു.

നാലുവീതം തറയോടുകളുള്ളതായിരുന്നു പായ്ക്കറ്റുകൾ. അറുപതോളം വരുന്ന പായ്ക്കറ്റുകൾ ദിവ്യ ഒന്നരമണിയോടെ താഴെയിറക്കിവെച്ചു. അതു ദിവ്യ തനിയേ ആണ് ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ തൊഴിലാളികൾ തറയോടുകൾ ഇറക്കി കഴിയുംവരെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.