മലപ്പുറം: മാതാവുമായി വേർപിരിഞ്ഞ പിതാവ് പതിനാറുകാരിയായ മകളെ ലൈംഗിക പീഡിപ്പിച്ചു. ഡ്രസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് :േകാഴിക്കോട്ടെ ഫ്ളാറ്റിൽകൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ മൊഴി. കേസിൽ മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചക്കീരി അറസ്റ്റ് ചെയ്ത പിതാവിനെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലെ ഓണക്കാലത്താണ് സംഭവം. പിതാവും മാതാവും വേർപ്പെട്ട ശേഷം മാതാവിനൊപ്പം കഴിയുന്ന പെൺകുട്ടി പഠനാവശ്യാർത്ഥം മഞ്ചേരി കോഴിക്കോട് റോഡിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു. കുട്ടിയെ പിതാവ് ഹോസ്റ്റലിൽ സന്ദർശിക്കാറുണ്ടായിരുന്നു. സംഭവ ദിവസം കുട്ടിയെ ഡ്രസ് വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാറിൽ കോഴിക്കോട്ടുള്ള ഫ്‌ളാറ്റിലേക്ക് കൊണ്ടു പോകുകയായിരുന്നു.

രാത്രി തനിക്കൊപ്പം കിടത്തിയ പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതരാണ് മഞ്ചേരി പൊലീസിൽ വിവരമറിയിക്കുന്നത്.