മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയ കേസിൽ എക്‌സൈസ് കസ്റ്റഡിയിലെടുത്ത കാർ അഞ്ചാംദിനം അപ്രത്യക്ഷമായി. പിന്നീട് നടത്തിയ അന്വേഷണത്തിൽ റോഡോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

എംഡിഎംഎ കടത്തിയ കേസിൽ എക്‌സൈസ് അധികൃതർ പിടികൂടിയ കെ.എൽ.17 യു. 0501 നമ്പർ ഐ20 കാറാണ് മോഷണം പോയിരുന്നത്. ശനിയാഴ്ച നിലമ്പൂർ എക്‌സൈസ് റേഞ്ച് ഓഫീസിന് സമീപം ജവഹർ കോളനിയിലേക്കു പോകുന്ന റോഡിനു എതിർവശത്തായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയത്. എംഡിഎംഎയുമായി രണ്ടു യുവാക്കളെ കഴിഞ്ഞ സെപ്റ്റംബർ പത്തിനായിരുന്നു വാഹനമടക്കം പിടിച്ചെടുത്തത്.

എക്‌സൈസ് റേഞ്ച് ഓഫീസ് രണ്ടാം നിലയിലായതിനാൽ പിടിച്ചിടുന്ന വാഹനം സമീപത്ത് പാർക്ക് ചെയ്യാൻ സൗകര്യമില്ല. സമീപത്തെ താലൂക്ക് ഓഫീസ് പരിസരത്തായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. കഴിഞ്ഞ 15 നാണ് വാഹനം അപ്രത്യക്ഷമായത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

പൊലീസിന്റെയും എക്‌സൈസിന്റെയും ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് വാഹനം കണ്ടെത്തിയതെന്നു എക്‌സൈസ് അധികൃതർ പറഞ്ഞു. വാഹനം കടത്തിക്കൊണ്ടു പോയവരെക്കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണ്.

അതേ സമയം തൊണ്ടിമുതലായ വാഹനം മോഷണം പോയതിന് പിന്നിൽ ദുരൂഹതയുള്ളതായും സംശയിക്കുന്നുണ്ട്. വാഹനത്തിൽ ഒളിപ്പിച്ചിരുന്ന മറ്റെന്തിലും രഹസ്യസ്വഭാവത്തിലുള്ള എടുക്കാൻവേണ്ടിയാകുമോയെന്നുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്്. മോഷ്ടിച്ച വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിലും അസ്വാഭാവികത സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശമുണ്ട്.