മലപ്പുറം: മലപ്പുറം പോരൂരിലെ മദ്രസയിൽ നബിദിന പരിപാടി നടക്കുന്നതിനിടെ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ മദ്രസാധ്യാപകനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. മലപ്പുറം വണ്ടൂർ പോരൂർ വീതനശ്ശേരി പുന്നക്കാടൻ മുഹമ്മദ് ബഷീറാണ് പിടിയിലായത്. കഴിഞ്ഞ 16 നാണ് കേസിനാസ്പദമായ സംഭവം.

മാതാവിന്റെ പരാതിയിലാണ് നടപടി. മദ്രസയിൽ നബിദിന പരിപാടി നടക്കുന്നതിനിടെ, അദ്ധ്യാപകൻ പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ ഉൾപ്പെടയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേ സമയം പന്ത്രണ്ടു വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മറ്റൊരു സ്‌കൂൾ അദ്ധ്യാപകനും ഇന്നലെ മലപ്പുറത്ത് പിടിയിലായിരുന്നു. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ വീട്ടിൽ അസൈനാർ (42) നെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. നിലമ്പൂരിലെ ഒരു ഗവൺമെന്റ് സ്‌കൂളിലെ അദ്ധ്യാപകനാണ് അറസ്റ്റിലായ അസൈനാർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ വശീകരിച്ചും ഭയപ്പെടുത്തിയുമാണ് പ്രതി പല പ്രാവശ്യം പീഡനത്തിന് ഇരയാക്കിയത്. കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ നിലമ്പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പൊലീസ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കേസിൽ നിലമ്പൂർ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.