മലപ്പുറം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് എംഡിഎംഎ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ മൊറയൂർ സ്വദേശി മുഹമ്മദ് അനസ് (33) നെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ ടൗണിന് സമീപം കാറിൽ വിൽപ്പനയ്ക്കായെത്തിച്ച 35 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശികളെ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയാണ് മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ അത്തിക്കച്ചാലിൽ മുഹമ്മദ് അനസ്. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി.അലവിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുമ്പാണ് ജില്ലയിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിൽപെട്ട കൊണ്ടോട്ടി സ്വദേശികളായ നൗഫൽ, മൻസൂർ എന്നിവരെ പെരിന്തൽമണ്ണ ടൗണിൽ വച്ച് 35 ഗ്രാം എംഡിഎംഎ സഹിതം പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി.അലവി, എസ്‌ഐ എ.എം മുഹമ്മദ് യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളെ ഇൻസ്പെക്ടർ സി.അലവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തതിൽ ബാംഗ്ലൂരിൽ നിന്നും മുഹമ്മദ് അനസാണ് കേരളത്തിലേക്ക് എംഡിഎംഎ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന സൂത്രധാരനെന്നും പല തവണ ബാംഗ്ലൂരിൽ പോയി എംഡിഎംഎ നാട്ടിലെത്തിച്ച് ചില്ലറ വിൽപ്പനയ്ക്കായി നൗഫലിനും മൻസൂറിനും കമ്മീഷൻ വ്യവസ്ഥയിൽ കൈമാറുകയാണ് ചെയ്യാറുള്ളതെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതി മുഹമ്മദ് അനസിനെ മൊറയൂരിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കേസുകളിൽ സംഘത്തിലെ എല്ലാ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് സൂചനലഭിച്ചതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പെരിന്തൽമണ്ണ ഇൻസ്പെക്ടർ അറിയിച്ചു. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി.അലവി, എഎസ്ഐ. ബൈജു, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വഷണ സംഘത്തിലുണ്ടായിരുന്നത്.