മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി കസ്റ്റംസിന് മുന്നിൽ നേരിട്ടെത്തി കീഴടങ്ങി. നേപ്പാൾ വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണം കാരണം നേപ്പാളിൽ നിന്ന് വിമാനം കയറാൻ സാധിച്ചിക്കാതെ വന്നതോടെയാണ് കീഴടങ്ങിയത്.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന ജീവനക്കാരെ ഉപയോഗിച്ചു സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലാണ് ഒരാൾ കൂടി പിടിയിലായത്.  വയനാട് സ്വദേശി അഷ്‌കർ അലിയാണ് കസ്റ്റംസിന് മുന്നിൽ കീഴടങ്ങിയത്. നേരത്തെ സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാർ അറസ്റ്റിലായിരുന്നു.

സെപ്റ്റംബർ 12 നാണ് കേസിനാസ്പദമായ സംഭവം. അഷ്‌കർ അലി വിദേശത്തുനിന്ന് എത്തിച്ച 2.2 കോടി രൂപയുടെ 4.9 കിലോഗ്രാം സ്വർണം വിമാന ജീവനക്കാരുടെ സഹായത്തോടെ കടത്താനായിരുന്നു ശ്രമം നടന്നത്. എന്നാൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കസ്റ്റംസ് അധികൃതർ സ്വർണം പിടികൂടുകയായിരുന്നു.

സംഭവത്തിൽ വിമാന ജീവനക്കാരായ കെ വി സാജിദ് റഹ്‌മാൻ, കെ പി മുഹമ്മദ് സാമിൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അഷ്‌കർ അലി ഒളിവിൽ പോയിരുന്നു. ഇയാൾക്കായി കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

ഒളിവിൽ കഴിയുന്നതിനിടെ നേപ്പാൾ വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ അഷ്‌കർ അലി ശ്രമിച്ചെങ്കിലും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണം കാരണം നേപ്പാളിൽ നിന്ന് വിമാനം കയറാൻ സാധിച്ചില്ല. നിലവിൽ എൻഒസി ഉണ്ടെങ്കിൽ മാത്രമേ കാഠ്മണ്ഡു വിമാനത്താവളം വഴി ഇന്ത്യക്കാർക്ക് മറ്റു വിദേശരാജ്യങ്ങളിലേക്ക് പോകാൻ സാധിക്കുകയുള്ളൂ.

മറ്റു വഴികളില്ലാതെ വന്നതോടെയാണ് അഷ്‌കർ അലി കസ്റ്റംസിനു മുന്നിൽ കീഴടങ്ങിയത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കോഴിക്കോട് കരുവൻതുരുത്തി സ്വദേശി റിയാസ് ആണ് സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ.

ഈ മാസം 15 ന് കസ്റ്റംസ് റിയാസിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും ഇയാൾ ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ റിയാസിനെതിരെ കരിപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. തുടരന്വേഷണത്തിൽ ഇയാളുടെ ആഡംബര കാർ പിടികൂടിയിരുന്നു.