- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് ലോഡ്ജിൽ പൂട്ടിയിട്ട പെൺകുട്ടിയെ കണ്ടെത്തി മോചിപ്പിച്ചു; വിവിധ ലോഡ്ജുകളിലെ മിന്നൽ പരിശോധനയിൽ പൊലീസ് പിടിയിലായത് 10 പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 112 പേർ
കോഴിക്കോട്: ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രി നഗരത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനക്കിടെ തടങ്കലിൽ പാർപ്പിച്ച പെൺകുട്ടിയെ കണ്ടെത്തി മോചിപ്പിച്ചു. വീട്ടിൽ നിന്നും പിണങ്ങിയിറങ്ങി റെയിൽവേ സ്റ്റേഷനിലെത്തിയ കോഴിക്കോട് സ്വദേശിനിയായ പതിനാറുകാരിയായ പെൺകുട്ടിയെ സഹായം നൽകാമെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി മുറിയിലിട്ട് പൂട്ടുകയായിരുന്നു. കേസിൽ മലപ്പുറം തിരൂരങ്ങാടി മമ്പുറം നെച്ചിക്കാട്ട് വീട്ടിൽ ഉസ്മാൻ (53)നെ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു.
റെയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിൽ പൂട്ടിക്കിടക്കുന്ന മുറി ശ്രദ്ധയിൽ പെടുകയും ലോഡ്ജ് അധികൃതരെ വിളിച്ചു വരുത്തി തുറക്കുകയുമായിരുന്നു. മുറി പൂട്ടി പുറത്തുപോയ ഉസ്മാൻ തിരിച്ചുവന്നതോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പിതാവും മകളുമാണെന്നായിരുന്നു ഉസ്മാൻ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
പൊലീസ് നടത്തിയ റെയ്ഡിൽ വിവിധയിടങ്ങളിൽ നിന്നായി 112 പേരെ പിടികൂടിയിട്ടുണ്ട്. 10 പിടികിട്ടാപുള്ളികളും പന്തീരങ്കാവ് കൊലപാതക കേസിലെ പ്രതിയായ മൻജിത്, പോക്‌സോ കേസിലെ പ്രതിയായ ഷാമിൽ തുടങ്ങിയവരുൾപ്പെടെ 24 വാറണ്ട് കേസ് പ്രതികളും പിടിയിലായവരിൽ ഉൾപ്പെടും. മദ്യപിച്ചു വാഹനം ഓടിച്ചതിന് 22 പേരും കഞ്ചാവ് ഉപയോഗിച്ചതിന് 29 പേരും പൊലീസിന്റെ വലയിലായി.
നഗരത്തിലെ മുഴുവൻ അസിസ്റ്റന്റ് കമമീഷണർമാരേയും എസ് എച്ച് ഒമാരുടേയും എസ് ഐ മാരുടേയും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചാണ് മിന്നൽ പരിശോധന നടത്തിയിരുന്നത്. സിറ്റി പൊലീസ് കമ്മീഷണർ എ അക്‌ബർ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. എ ശ്രീനിവാസ് റെയ്ഡിന് നേതൃത്വം നൽകി.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.