കണ്ണൂർ: ജിദ്ദയിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും എയർഇന്ത്യ എക്സ്പ്രസ് സർവ്വീസ് ഞായറാഴ്ച ആരംഭിച്ചു. കണ്ണൂരിൽനിന്നും 172 പേരുമായാണ് IX799 വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടത്. യാത്രക്കാരിൽ കൂടുതലും ഉംറ തീർത്ഥാടകരായിരുന്നു. മലബാറിലെ ഉംറ തീർത്ഥാടകരുടേതടക്കം ഏറെ നാളത്തെ സ്വപ്നമായിരുന്ന ജിദ്ദ-കണ്ണൂർ വിമാന സർവ്വീസാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

ജിദ്ദയിൽനിന്നും കണ്ണൂരിലേക്കുള്ള IX798 വിമാനം 172 യാത്രക്കാരുമായി 2.09നാണ് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. ഔദ്യോഗികമായി വാട്ടർ സല്യൂട്ട് നൽകിയാണ് IX798 വിമാനത്തെ സ്വീകരിച്ചത്. വേഗത്തിലുള്ള ക്ലിയറൻസുകൾക്കായി പ്രത്യേക ഇമിഗ്രേഷൻ സൗകര്യങ്ങളും ഒരുക്കി.

തീർത്ഥാടകർക്ക് പ്രാർത്ഥനാമുറികളും വിശ്രമസ്ഥലവുമടക്കം പ്രത്യേക സൗകര്യങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. ഇമിഗ്രേഷൻ ക്ലിയറൻസിനായി കൗണ്ടറുകളിൽ തിരക്കനുഭവപ്പെടാതിരിക്കാനും മറ്റും ഇത് സഹായിച്ചു.
എല്ലാ ഞായറാഴ്ചകളിലും എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 എയർക്രാഫ്റ്റാണ് കണ്ണൂർ-ജിദ്ദ സർവ്വീസ് നടത്തുക. വലിയരീതിയിൽ ആവശ്യമുയർന്ന ഈ സർവ്വീസിൽ വരും ദിവസങ്ങളിലേക്കുള്ള സീറ്റ് ബുക്കിംങ് എല്ലാം പൂർത്തിയായിരിക്കുകയാണ്.