- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ലഹരിക്കടത്തിന് ജയിലിൽ കഴിയുന്നത് 400 കുട്ടികൾ; അഞ്ഞൂറും ആയിരവും ഇവർക്ക് പ്രതിഫലം; ലഹരിപാർട്ടികൾ ഹോട്ടലുകളിൽ നിന്ന് വീടുകളിലേക്ക് മാറിയെന്നും മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്
മലപ്പുറം: കേരളത്തിൽ ലഹരിക്കടത്തിന് കുട്ടികൾക്കായുള്ള ജയിലിൽ കഴിയുന്നത് 400 കുട്ടികൾ.സംസ്ഥാനത്ത് ലഹരിപാർട്ടികൾ ഹോട്ടലുകളിൽ നിന്ന് വീടുകളിലേക്ക് മാറുന്നതായും മുൻ എക്‌സൈസ് കമ്മീഷണറും ജയിൽ ഡി.ജി.പിയുമായിരുന്ന ഋഷിരാജ് സിങ്. നിലമ്പൂർ ടൗൺ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസും എക്‌സൈസും ഹോട്ടലുകളിലും റിസോർട്ടുകളിലും നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയതോടെയാണ് ലഹരിപാർട്ടികൾ വീടുകളിലേക്ക് മാറ്റിയിരിക്കുന്നത്.
പെൺകുട്ടികളെപ്പോലും ലഹരിക്കടത്തിന് കാരിയർമാരാക്കുകയാണ്. ഒരു പൊതി സ്‌കൂൾ ബാഗിലാക്കി ലക്ഷ്യസ്ഥലത്തെത്തിച്ചാൽ അഞ്ഞൂറും ആയിരം രൂപയുമാണ് ഇവർക്ക് പ്രതിഫലം.ലഹരി കടത്തിയ നാനൂറോളം കുട്ടികളാണ് കുട്ടികൾക്കായുള്ള ജയിലിൽ കഴിയുന്നത്. തമാശക്കായാണ് പലരും ലഹരി ആദ്യമായി ഉപയോഗിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ പോലും വീണ്ടും ഉപയോഗിച്ച് അടിമകളാക്കുന്ന തരത്തിലുള്ളതാണ് ലഹരി വസ്തുക്കൾ. സ്ത്രീകൾക്കായി ലിപ്സ്റ്റിക്കിലും സിഗരറ്റിലും വരെ ലഹരിയെത്തുന്നുണ്ട്.
തലമുറകളെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടം കുട്ടികളിൽ നിന്നാണ് തുടങ്ങേണ്ടത്. ആയിരത്തോളം സ്‌കൂളുകളിൽ ലഹരിക്കെതിരെ പ്രസംഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ 1300 സ്‌കൂളുകളിലും 7000 കോളേജുകളിലും ലഹരിവിരുദ്ധ പ്രചരണവുമായെത്താനാണ് തീരുമാനം. എക്‌സൈസ് കമ്മീഷണറായിരിക്കെ ലഹരിക്കെതിരെ ആരംഭിച്ച പോരാട്ടം ഇപ്പോഴും തുടരുകയാണ്.
മന്ത്രിമാരും നേതാക്കന്മാരും കളക്ടറും എസ്‌പിയും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം മാസത്തിൽ ഒരു സ്‌കൂളിലെങ്കിലുംപോയി ലഹരിവിപത്തിനെതിരെ കുട്ടികളോട് സംസാരിക്കണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അത് സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കും. താൻ ദിവസം മൂന്നും നാലും സ്‌കൂളുകളിൽ വരെ ലഹരിക്കെതിരായ പ്രചരണവുമായി പോവുന്നുണ്ട്.
കേരളത്തിൽ സർക്കാർ ജോലികളിൽ കൂടുതൽ വനിതകൾ എത്തണം. ഒന്നരക്കോടി സ്ത്രീകളിൽ കേവലം 22 ശതമാനം പേർമാത്രമാണ് സർക്കാർ സർവീസിലുള്ളത്. സിനിമകൾ ലഹരിയെ പ്രോസ്താഹിപ്പിക്കുന്നുണ്ടെന്ന് പറയാനാവില്ലെന്നും വ്യക്തമാക്കി.മാധ്യമപ്രവർത്തകരുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ നാഷി വിനോദിന് പ്രസ് ക്ലബ് ഉപഹാരം ഋഷിരാജ് സിങ് കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് ലാൽ ജോസഫ്, സെക്രട്ടറി പി.എം രാംമോഹൻ, കേമ്പിൽ രവി, ഉമ്മർ നെയ്വാതുക്കൽ, എം. സനോജ് പ്രസംഗിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്