കണ്ണൂർ: തളിപറമ്പ് കുപ്പത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് 14 പവൻ സ്വർണാഭരണങ്ങളും ആറായിരം രൂപയും കവർന്നു. തിങ്കളാഴ്‌ച്ച പുലർച്ചെയാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്. ഇതേ തുടർന്ന് വീട്ടുകാർ പരിയാരം പൊലിസിൽ പരാതി നൽകി. ദേശീയ പാതയിൽ കുപ്പത്തു നിന്നും മുക്കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡിലെ പടവിൽ മടപ്പുരയ്ക്കുള്ള കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്.

കഴിഞ്ഞ അഞ്ചിന് ബംഗ്ളൂരിലേക്കുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു കുഞ്ഞിക്കണ്ണനും കുടുംബവും ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. അകത്തു കടന്നു നോക്കിയപ്പോൾ കിടപ്പുമുറിയിലെ അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്നാണ് സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ളത് നഷ്ടമായത് മനസിലായത്. പരിയാരം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.