- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് ഇറച്ചിക്കടയിൽ ആയിരത്തോളം ചത്ത കോഴികൾ; പരാതിയുമായി നാട്ടുകാർ; ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ ഷവർമ മിക്സിങ്ങിനുള്ള ഉപകരണങ്ങൾ കണ്ടെടുത്തു
കോഴിക്കോട്: എരഞ്ഞിക്കലിൽ ഇറച്ചി വിൽപനശാലയിൽ ചത്ത കോഴികളെ കണ്ടെത്തി. പ്രദേശത്ത് ദുർഗന്ധം പരന്നതോടെ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എരഞ്ഞിക്കൽ എംകെബി മാർക്കറ്റൽ നിന്ന് ആയിരത്തോളം ചത്ത കോഴികളെ കണ്ടെത്തിയത്. കോഴികളുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടതിനാൽ സമയം വൈകിയതിനാൽ ചൂടുകാരണമാണ് കോഴികൾ ചത്തതെന്നാണ് കടയിലുള്ളവർ പറയുന്നത്.
അതേസമയം കടയിൽ ഒരു കോഴിയെ പോലും ജീവനോടെ കണ്ടെത്തിയിട്ടില്ലെന്നും അവിടെയുള്ള മുഴുവൻ കോഴികളും ചത്ത നിലയിലാണുള്ളതെന്നും ഹെൽത്ത് വിഭാഗം അധികൃതർ വ്യക്തമാക്കി. മാത്രമല്ല കടയിലെ അണ്ടർ ഗ്രൗണ്ടിലും ദിവസങ്ങൾ പഴക്കമുള്ള കോഴികളാണുള്ളത്. തൊട്ടടുത്ത് ഷട്ടർ ഇട്ട് അടച്ചുവെച്ച റൂം തുറന്നപ്പോൾ തൊലിയോടെ ഫ്രീസറിൽ കോഴികളെ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ നിന്നും ഷവർമ മിക്‌സിങ്ങിനും, കോഴിയുടെ തൊലി എളുപ്പത്തിൽ മാറ്റുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഷവർമ ഉണ്ടാക്കുന്നതിനായി കോഴികളെ കൊണ്ടുപോകുന്നതായും സംശയമുണ്ട്. കടയുടെ ഉടമയ്ക്ക് ഈ കട കൂടാതെ മറ്റുപല പേരിലും പലയിടങ്ങളിലും കടയുള്ളതായും അവിടങ്ങളിലേക്കും ഇത്തരത്തിലുള്ള ഇറച്ചികൾ എത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും, ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും കുറഞ്ഞ വിലയിൽ ഇറച്ചി വിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കൗൺസിലർ ആനന്ദൻ വ്യക്തമാക്കി.
ഏതെങ്കിലും തരത്തിൽ അസുഖബാധയെ തുടർന്ന് കോഴികൾ ചത്തതാണോ എന്നറിയാനായി പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയിട്ടുണ്ടെന്നും റിസൾട്ട് വന്നതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വെറ്റിനറി ഡോക്ടർ പറഞ്ഞു. കടയടച്ചിടാൻ ആര്യോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. എലത്തൂർ സോണൽ ഹെൽത്ത് ഇൻസ്പക്ടർ കെ സലീൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രൂപേഷ്, എലത്തൂർ സബ്ബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ, സിപിഒമാരായ സന്തോഷ് കുമാർ, ലെനീഷ് പരിശോധനയിൽ പങ്കെടുത്തു.
ഗുണനിലവാരം കുറഞ്ഞതും മൃതപ്രായമായതുമായ കോഴികളെ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെവി റഷീദ്, സെക്രട്ടറി വിപി മുസ്തഫ കിണാശേരി, ആക്ടിങ് സെക്രട്ടറി ഫിറോസ് പൊക്കുന്ന,് ട്രഷറർ സി.കെ. അബ്ദുറഹ്മാൻ ജില്ലാ കമ്മറ്റി അംഗങ്ങളായ സാദിക്ക് പാഷ, സാജിദ്, സിയാദ്. അബീദ് എന്നിവർ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരം കുറഞ്ഞ കോഴികളെ കൊണ്ടുവന്ന് വിൽപ്പന നടത്തിയതായി കണ്ടെത്തിയ ചിക്കൻ സ്റ്റാളിന്റെ എല്ലാ ഔട്ട്ലെറ്റുകളും പരിശോധനക്ക് വിദേശമാക്കണം. മുൻ കാലങ്ങളിൽ ഇതേ ചിക്കൻ സ്റ്റാളിന്റെ ചെറുവണ്ണൂർ, പുതിയങ്ങാടി, നടക്കാവ്, ഇടിയങ്ങര ഔട്ട്ലെറ്റുകളിൽ ഇത്തരം കോഴികളെ വിൽപ്പന നടത്തിയത് കണ്ടെത്തുകയും നിയമനടപടികൾക്ക് വിധേയമാകുകയും ചെയ്തതാണ്. എന്നാൽ രാഷ്ട്രീയ - ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് വീണ്ടും തുറക്കുകയായിരുന്നുവെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ഇത്തരം സമീപനങ്ങൾ തുടർന്നാൽ അധികാര കേന്ദ്രങ്ങളിലേക്കും ഗുണനിലവാരം കുറഞ്ഞ കോഴികൾ വിൽക്കുന്ന ഔട്ട്ലെറ്റുകളിലേക്കും ചിക്കൻ വ്യപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.