മണ്ണാർക്കാട്: കാൻസർ ബാധിച്ച് മരിച്ച അനിയന്റെ ഓർമയ്ക്കായി സൂക്ഷിച്ച ബൈക്ക് മോഷണം പോയ സങ്കടത്തിലാണ് സുജീഷ് എന്ന ചെറുപ്പക്കാരൻ. അനുജൻ പ്രതീഷ് ഉപയോഗിച്ച ബൈക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് ചോമേരിയിലെ വീട്ടിൽനിന്ന് മോഷണം പോയത്.

'കൊണ്ടു പോയവർക്ക് പഴയൊരു ബൈക്കാണ്. എനിക്കും കുടുംബത്തിനും ഞങ്ങളുടെ പ്രതീഷിന്റെ ഓർമായാണത്. വേറെ ബൈക്ക് വാങ്ങാം. ആ ബൈക്ക് വാങ്ങാൻ പറ്റില്ലല്ലോ' എന്നാണ് സുജീഷ് നിറകണ്ണുകളോടെ പറയുന്നത്. കൊണ്ടു പോയവർക്ക് പതിനായിരം രൂപയിൽ കൂടുതൽ കിട്ടാൻ സാധ്യതയില്ല. ആ പണം ഞാൻ കൊടുക്കാം ബൈക്ക് തിരിച്ചു തരണമെന്നാണ് സുജീഷിന്റെ അഭ്യാർഥന.

അനുജന്റെ സന്തതസഹചാരിയായിരുന്നു ബൈക്ക്. അസുഖം കൂടിയപ്പോൾ അവന്റെ കൂട്ടുകാരാണ് ഉപയോഗിച്ചിരുന്നത്. മരണ ശേഷം കുറച്ചു കാലം ഉപയോഗിക്കാതായി. പിന്നീട് താനാണ് അത് ഉപയോഗിക്കുന്നതെന്ന് സുജീഷ് പറഞ്ഞു.