മലപ്പുറം: വാക്കുതർക്കത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മലപ്പുറം കരിപ്പൂർ അയനിക്കാടാണ് സംഭവം. തൊഴിലാളികൾ തമ്മിൽവാക്കുതർക്കം മൂത്തതോടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗാൾ സ്വദേശിയായ ഖാദറലി ഷെയ്ഖ് (32) ആണു കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി മൊഹിദുൾ ഷെയ്ക്കിനെ കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണു സംഭവം. വിമാനത്താവളത്തിലെ നിർമ്മാണ ജോലിയുമായി ബന്ധപ്പെട്ട് എത്തിയതാണ് അതിഥി തൊഴിലാളികൾ. ഇവർ താമസിക്കുന്നതു വിമാനത്താവളത്തിനു സമീപപ്രദേശമായ അയനിക്കാടാണ്.

താമസ സ്ഥലത്തിനു തൊട്ടടുത്താണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. കല്ലുകൊണ്ട് തലയിൽ അടിയേറ്റതാണ് ഗുരുതരമായി പരുക്കേൽക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു.