തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിൽ വിമർശനവുമായി നടി പാർവതി തിരുവോത്ത്. റിപ്പോർട്ട് പുറത്തുവിടുന്നതിൽ കാലതാമസം വരുന്നതിൽ നിരാശയുണ്ടെന്ന് പാർവതി പ്രതികരിച്ചു. ചോദിക്കേണ്ട ചോദ്യങ്ങൾ ഇനിയും ഉത്തരം ലഭിക്കുന്നത് വരെ ചോദിച്ചുകൊണ്ടിരിക്കുമെന്നും അക്കാര്യത്തിൽ പിന്നോട്ടേക്കില്ലെന്നും നടി വ്യക്തമാക്കി. ഒരു ദൃശ്യമാധ്യമത്തോടായിരുന്നു പാർവതിയുടെ പ്രതികരണം.

'ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ നിരാശയുണ്ട്. ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും, ഉത്തരം കിട്ടുന്നതുവരെ. അതിനുള്ള അധികാരം ഉണ്ട്. ഒറ്റപ്പെട്ട ശബ്ദമാണ് ഞങ്ങളുടേതെന്ന് എനിക്ക് തോന്നുന്നില്ല', പാർവതി വ്യക്തമാക്കി.

സിനിമ മേഖലയിലെ സ്ത്രീകൽ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2017 ലാണ് കേരള സർക്കാരാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. 2019ൽ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷമായിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല.അന്വേഷണത്തിനിടെ സംസാരിക്കാൻ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതായും, ഭയപ്പെട്ട് സംസാരിക്കാത്തതായും റിപ്പോർട്ടിൽ പറയുന്നു.

സിനിമ മേഖലയിൽ കടന്നു വരുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ഇത്തരം അനുഭവമുള്ളവർ പൊലീസിൽ പരാതിപ്പെടാറില്ലെന്നും കമ്മീഷൻ റിപ്പോർട്ട് കണ്ടെത്തിയിരുന്നു.റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിനിമയിലെ വനിത കൂട്ടായ്മ ഡബ്ല്യൂസിസി രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വ്യക്തതയില്ല, റിപ്പോർട്ടിലെ രഹസ്യാത്മകത സൂക്ഷിച്ച് റിപ്പോർട്ട് പുറത്തുവിടണം എന്നാണ് ഡബ്ല്യുസിസി ആവശ്യപ്പെട്ടത്.

റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ഡബ്ല്യൂസിസി ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ മറ്റ് സംഘടനകളും സർക്കാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.