- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾ മോഹം പറഞ്ഞപ്പോൾ ഉണ്ണി കാനായി തീർത്തത് വിസ്മയം; പയ്യന്നൂരിൽ പാഴ് വസ്തുക്കൾ കൊണ്ട് 7 അടി നീളമുള്ള മെസി ശില്പം ഒരുങ്ങി
പയ്യന്നൂർ: ലോക ഫുട്‌ബോളിന്റെ ഏറ്റവും വലിയ മാമാങ്കം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ തുടങ്ങാനിരിക്കെ കണ്ണൂർ ജില്ലയിലെ കുട്ടികളും ആഘോഷത്തിലാണ്. പയ്യന്നൂരിൽ ആണ് കുട്ടികൾ തങ്ങളുടെ ഇഷ്ട താരം മെസ്സിയുടെ ശില്പ ഒരുക്കാൻ തീരുമാനിച്ചത്. തീർത്തും പ്രകൃതിജന്യമായ പാഴ് വസ്തുക്കൾ ഏഴടി ഉയരമുള്ള മെസിയായി മാറിയ കാഴ്ചയെ അത്ഭുതത്തോടെയാണ് ആളുകൾ കാണുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പഴയ പേപ്പർ , തുണി, ചകരി ,മൈദപശ, മാസ്‌കിങ് ടാപ്പ് പ്ലാസ്റ്റർ ഓഫ് പാരിസ് എന്നീ വസ്തുകൾ ഉപയോഗിച്ച് മെസിയുടെ പ്രകൃതി സൗഹൃദശില്പമൊരുക്കി നൽകിയത്.
രണ്ട് കൈയും അരയിൽ വച്ച് ഇടതുകൈയിൽ ടാറ്റുവുമായി ഫ്രീ കിക്കിന് തയ്യാറെടുത്തുനിൽക്കുന്ന ആരാധകർക്ക് ചിരപരിചിതമായ മെസിയുടെ ദൃശ്യമാണ് ഉണ്ണി കാനായി ഒരുക്കിയത്. കടുത്ത മെസി ആരാധകരായ അർജുൻ, അലോഖ്, ഋതുരാം, ആഗ്‌നേയ്, അഭിജിത്ത്, നിഖിൽ തുടങ്ങിയവരുടെ സഹായവും ശിൽപ പൂർത്തീകരണത്തിന് വേഗത കൂട്ടിയതായി ഉണ്ണി കാനായി പറഞ്ഞു. കുട്ടികളുടെ ഉൽസാഹം കണ്ട് യാതൊരു പ്രതിഫലവും വാങ്ങിയില്ലെന്നും ശില്പി പറയുന്നു.
സമൂഹം ലഹരി മാഫിയകൾക്ക് അടിമപ്പെടുമ്പോൾ പുതിയ തലമുറയുടെ ലഹരി സ്‌പോർട്‌സും കലയും സാഹിത്യവും ആകട്ടെ എന്നാണ് ശില്പിയുടെ ആശംസ. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് ട്രാഫിക് സർക്കിളിൽ തലയുയർത്തി നിൽക്കുന്ന ഫീഫാ വേൾഡ് കപ്പ് ശിൽപവും ഉണ്ണി കാനായിയുടെ സൃഷ്ടിയാണ്. മെസ്സിയുടെ ശില്പം ഇവിടെ ഒരുങ്ങിയതിനാൽ ഇനി ബ്രസീൽ ആരാധകരും, പോർച്ചുഗീസ് ആരാധകരും എന്ത് ചെയ്യും എന്നുള്ള ആകാംക്ഷയും നാട്ടുകാരിൽ ചിലർക്കുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്