മലപ്പുറം: ജോലികഴിഞ്ഞ് മടങ്ങൂന്നതിനിടെ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് മലപ്പുറം അരീക്കോട്ടെ പ്രാദേശിക ഫുട്ബോൾ താരം മരിച്ചു. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മലപ്പുറം ചെങ്ങര സ്വദേശി അറഞ്ഞിക്കൽ വീട്ടിൽ അബ്ദുറഹീമിന്റെ മകൻ ജുനൈദാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെ അരീക്കോട് മഞ്ചേരി റോഡിലെ കാരാപറമ്പിന് അടുത്താണു വച്ചാണ് അപകടം നടന്നത്.

മഞ്ചേരിയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു യുവാവ്. അരീക്കോടുനിന്നും വരികയായിരുന്ന ട്രാവലറും മഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ജുനൈദിന്റെ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നാരാണികുളം വളവിൽ വെച്ചുണ്ടായ അപകടത്തിൽ ട്രാവലർ റോഡിൽ മറിഞ്ഞു വീണു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ജുനൈദിനെ മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സ്ഥാപനം അടച്ച് വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. റോഡിൽ ട്രാവലർ മറിഞ്ഞതോടെ പാതയിൽ മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. തുടർന്ന് വാഹനങ്ങൾ മറ്റു വഴിയിലൂടെ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ശേഷം് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വാഹനം റോഡിൽ നിന്നും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

നാട്ടിലെ സജീവ സാന്നിധ്യമായിരുന്ന ജുനൈദ് പ്രാദേശിക ഫുട്ബോൾ താരം കൂടിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനിൽക്കും. മാതാവ്:നഷീദ. സഹോദരങ്ങൾ: ദിൽഷാദ്, അഷ്മിൽ. യുവാവിന്റെ അപ്രതീക്ഷിത മാരണത്തിൽ സ്തംഭിച്ചിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും.