മാനന്തവാടി: ഭർത്താവിന്റെയും ബന്ധുക്കളുടെയും മുമ്പിൽ വെച്ച് ദേഹത്ത് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് കീഴടങ്ങി. പുലിക്കാട് കണ്ടിയിൽപൊയിൽ മഫീദ (48) യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി ഭർത്താവ് പുലിക്കാട് സ്വദേശി ടി.കെ. ഹമീദ് ഹാജി (57) ആണ് പൊലീസ് മുമ്പാകെ കീഴടങ്ങിയത്.

ജൂലൈ മൂന്നിന് പൊള്ളലേറ്റ വീട്ടമ്മ സെപ്റ്റംബർ രണ്ടിനായിരുന്നു മരിച്ചത്. തുടർന്ന് ഒളിവിൽ പോയ രണ്ടാം ഭർത്താവ് കൂടിയായ ഹമീദ് ഹാജി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയത്. കേസിലെ രണ്ടാംപ്രതി ഹമീദ്ഹാജിയുടെ ആദ്യ ഭാര്യയിലെ മകൻ ജാബിർ റിമാൻഡിലാണ്. കേസിലെ മറ്റൊരു പ്രതി ഹമീദ് ഹാജിയുടെ സഹോദരൻ നാസർ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നിരുന്നു.