തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണം ഒറ്റവരിയിലൊതുക്കി പ്രിയവർഗ്ഗീസ്. 'കോടതി വിധി മാനിക്കുന്നു, തുടർ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന്' പ്രിയ വർഗ്ഗീസ് പ്രതികരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അവർ വീട്ടിലേക്ക് മടങ്ങി.

വൻ രാഷ്ട്രീയ വിവാദമായി മാറിയ പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിനെ നിയമിച്ച നടപടിയാണ് റദ്ദാക്കിയത്. പ്രിയക്ക് യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അദ്ധ്യാപന പരിചയം ഇല്ല, ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നീ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പ്രസ്താവിച്ചത്.

കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അദ്ധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വർഗ്ഗീസ്.

പ്രിയ വർഗീസിന്റെ നിയമനം പുനപരിശോധിക്കണം. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം. പ്രിയ വർഗീസിന് നിയമനത്തിന് യോഗ്യതയുണ്ടോ എന്ന് സെലക്ഷൻ കമ്മിറ്റിക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.എഫ്ഡിപി പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്തത് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ല.അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അതൊരു യോഗ്യതയായി കണക്കാക്കാൻ കഴിയില്ല.

ഡിഎസ് എസ് ചുമതലയും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ല.പ്രിയ വർഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങൾ കോടതിക്ക് മുന്നിൽ ഇല്ല.സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും അദ്ധ്യാപന പരിചയം അല്ല എൻ.എസ്. എസ് കോ ഓർഡിനേറ്റർ ആയിരുന്നപ്പോൾ പ്രിയ വർഗീസിന് അദ്ധ്യാപക ചുമതല ഉണ്ടായിരുന്നില്ല.വിദ്യാർത്ഥികൾക്ക് സാമൂഹിക സേവനത്തിൽ പരിചയമുണ്ടാക്കലാണ് എൻഎസ്എസിന്റെ ചുമതല.

എൻ എസ് എസ് കോഡിനേറ്ററുടെ കാലയളവിൽ ടീച്ചിങ് എക്‌സ്പീരിയൻസ് ഉണ്ടെന്ന് കാണിക്കാൻ പ്രിയ വർഗീസിന് രേഖകൾ ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.കണ്ണൂർ യൂണിവേഴ്‌സിറ്റി ഓർഡിനൻസ് അനുസരിച്ച്, സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടറും, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്ററും അനധ്യാപക ജോലി ആണ്.സർക്കാരിന് കീഴിലുള്ള ഒരു അക്കാദമിക് പബ്ലിഷിങ് ഹൗസാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.ഇതും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല.പ്രിയ വർഗീസ് സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാട്ടിയ മൂന്നിടങ്ങളിലെ ചുമതല അദ്ധ്യാപനപരിചയമല്ലെന്ന് കോടതി ഉത്തരവിൽ പരാമർശിച്ചു