കാസർകോട്: റോഡിലൂടെ നടന്നു പോയ ബാലികയെ എടുത്ത് ഉയർത്തിയ ശേഷം നിലത്തെറിഞ്ഞ് യുവാവിന്റെ കണ്ണില്ലാത്ത ക്രൂരത. മദ്രസയിൽ നിന്നു വീട്ടിലേക്കു പോകുകയായിരുന്ന ഒമ്പതു വയസ്സുകാരിയാണ് വഴിയാത്രക്കാരന്റെ ക്രൂരതയ്ക്ക് ഇരയയത്. പരുക്കേറ്റ പെൺകുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി കുഞ്ചത്തൂർ ഉദ്യാവർ പത്താം മൈലിലെ അബൂബക്കർ സിദ്ദിഖിനെതിരെ (31) മഞ്ചേശ്വരം പൊലീസ് വധശ്രമം, പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രദേശവാസിയായ അബൂബക്കർ സിദ്ദിഖ് ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ പെൺകുട്ടിയെ എടുത്ത് ഉയർത്തി നിലത്തേക്ക് എറിയുകയായിരുന്നു. ഇന്നലെ രാവിലെ 8ന് ആണ് സംഭവം ഈ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

നടന്നുപോകുകയായിരുന്ന കുട്ടിയെ പിന്നാലെ എത്തിയ അക്രമി എടുത്തു നിലത്തേക്ക് എറിഞ്ഞതിനു ശേഷം തിരിച്ചുപോകുന്നതും നിലത്തു വീണ പെൺകുട്ടി ഒരു തവണ എഴുന്നേൽക്കുകയും തലകറങ്ങി വീഴുകയും പിന്നീട് എഴുന്നേറ്റ് മെല്ലെ നടന്നുപോകുന്നതും ദൃശ്യത്തിൽ ഉണ്ട്. വീട്ടിലെത്തിയ കുട്ടി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അബൂബക്കർ സിദ്ദീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നെഞ്ചുവേദന അനുഭവപ്പെട്ട കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ലഹരിക്ക് അടിമ ആണെന്നാണ് നാട്ടുകാരുടെ ആരോപണം.