കൊല്ലം:  വൈസ് ചാൻസലർമാർ പുറത്തു പോകുന്നതു പോലെ ധനമന്ത്രി കെ.എൻ.ബാലഗോപാലിനും രാജിവച്ച് ഒഴിയേണ്ടി വരുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെ ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർവകലശാലകളിൽ അനധികൃതമായി ജോലിക്കു കയറിയ സിപിഎം ഉന്നത നേതാക്കളുടെ ഭാര്യമാർ രാജിവച്ചില്ലെങ്കിൽ പ്രിയാ വർഗീസിനെ പോലെ നാണംകെട്ടു പുറത്തു പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

''മന്ത്രി ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയത്. ഇന്ത്യയുടെ പരമാധികാരത്തെ മന്ത്രി ചോദ്യം ചെയ്തതാണു ഗവർണറുടെ പ്രീതി നഷ്ടപ്പെടാൻ കാരണമായത്. ഗവർണർക്ക് സർ സിപിയുടെ അനുഭവം ഉണ്ടാകുമെന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്. സർ സിപിയുടെ കാലമല്ല ഇത്. ചോദിക്കാൻ ആളുണ്ട്. ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയച്ചതു നരേന്ദ്ര മോദിയാണ്.

പൊലീസ് ആസ്ഥാനത്തെ ജീവനക്കാർ ഉൾപ്പെടെ ഒപ്പിട്ട ശേഷം രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ സംബന്ധിച്ച എല്ലാ തെളിവുകളും ബിജെപിയുടെ പക്കലുണ്ട്. അവർക്കെതിരെ ചീഫ് സെക്രട്ടറി എന്തു നിലപാട് എടുക്കുന്നു എന്നു നോക്കുകയാണ്. അതിനു വീഴ്ച ഉണ്ടായാൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.

സാംസ്‌കാരിക കേരളത്തെ സർക്കാർ പിന്നോട്ടു കൊണ്ടുപോവുകയാണ്. നവോത്ഥാന മതിൽ കെട്ടാൻ 2 ബസുകളിൽ ആളെ കൊണ്ടുവന്ന കവിയാണ് നരബലി നടത്തി മാംസം ഭക്ഷിച്ചത്. കുരീപ്പുഴയും ഒരു പുഴയും ഇതിനെതിരെ പ്രതികരിച്ചില്ല. സ്പീക്കറുടെ നാട്ടിൽ 12 വയസ്സുള്ള കുട്ടിയെ തൊഴിച്ചു വീഴ്‌ത്തിയതു പോലെ സംഭവം ഗുജറാത്തിലോ കർണാടകയിലോ ആയിരുന്നെങ്കിൽ കവിത ചൊല്ലലും ചിത്രം വരയ്ക്കലും മെഴുകുതിരി ജാഥയും ഉൾപ്പെടെ എന്തെല്ലാം ഇവിടെ നടക്കുമായിരുന്നു ?'' സുരേന്ദ്രൻ ചോദിച്ചു.