കോഴിക്കോട്: മെഡിക്കൽ കോളെജ് ലേഡീസ് ഹോസ്റ്റലിന്റെ സമയ നിയന്ത്രണത്തിൽ വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ലേഡീസ് ഹോസ്റ്റലിൽ കയറാനുള്ള സമയം രാത്രി 9.30 ആക്കിയതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഹോസ്റ്റലിൽ സമയ നിയന്ത്രണം കർശനമാക്കാനുള്ള ഉത്തരവ് വന്നത്. തുടർന്ന് ലേഡീസ് ഹോസ്റ്റലിൽ സമയക്രമം കർശനമാക്കുകയും ചെയ്തു.

കൃത്യ സമയത്ത് ഹോസ്റ്റലിൽ കയറണമെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകുകയും തുടർന്ന് ഇത് കർശനമായി നടപ്പാക്കുകയും ചെയ്തു. ഇതോടെ പ്രാക്ടിക്കൽ ക്ലാസ് അടക്കം കഴിഞ്ഞുവന്ന വിദ്യാർത്ഥികൾക്ക് റൂമിൽ പ്രവേശിക്കാനാവാതെ രാത്രി പുറത്ത് നിൽക്കേണ്ടിയും വന്നിരുന്നു. ഹോസ്റ്റൽ അധികൃതർ സമയ നിയന്ത്രണം കർശനമാക്കിയ നടപടിക്കെതിരെ വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ലേഡീസ് ഹോസ്റ്റൽ നാലിന് മുമ്പിൽ എംബിബിഎസ് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിയോടെയായിരുന്നു പ്രതിഷേധിച്ചത്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ സമയ നിയന്ത്രണം ഇല്ലെന്നിരിക്കെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ മാത്രമായി സമയ നിയന്ത്രണം കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്താണ് വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്.

വിഷയവുമായി ബന്ധപ്പെട്ട് കോളെജ് അധികൃതർ വിദ്യാർത്ഥികളുമായും പി ടി എയുമായും ചർച്ചകൾ നടത്തിയെങ്കിലും വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കോളെജ് അധികൃതരും പി ടി എയും വിദ്യാർത്ഥികളുമായി നടന്ന ചർച്ചയിൽ പല രക്ഷിതാക്കളും സമയ നിയന്ത്രണത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.

മയക്കുമരുന്ന്, തെരുവുനായ ശല്യം, പൂർത്തിയാകാത്ത ചുറ്റുമതിൽ തുടങ്ങിയ നിരവധി കാര്യങ്ങൾ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി രക്ഷിതാക്കൾ ചൂണ്ടിക്കാണിച്ചെങ്കിലും ഇത്തരം പ്രശ്‌നങ്ങൾ അധികൃതർ പരിഹരിക്കുകയാണ് വേണ്ടെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. അതിന് പകരം സമയ നിബന്ധന കടുപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ആവശ്യത്തെ തുടർന്ന് വിശദ പഠനം നടത്തി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പത്തംഗ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.