ചെന്നൈ: മദ്യപിച്ച് ബസിൽ കയറിയ ആളെ കണ്ടക്ടർ ബലം പ്രയോഗിച്ച് റോഡിലേക്ക് തള്ളിയിട്ടു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. സർക്കാർ ബസിലെ കണ്ടക്ടറാണ് ക്രൂരമായി പെരുമാറിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന ബസിലാണ് സംഭവം. വന്ദാവസിയിൽ വച്ചാണ് ഇയാൾ ബസിൽ കയറിയത്. യാത്രക്കാരൻ മദ്യപിച്ച നിലയിലായിരുന്നു. ഇതോടെയാണ് കണ്ടക്ടർ ഇയാളോട് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടത്. എന്നാൽ യാത്രക്കാരൻ ഇതിന് തയ്യാറാകാതിരുന്നതോടെ കണ്ടക്ടർ കയർത്ത് സംസാരിച്ചു.

പിന്നാലെയാണ് ബസിൽ നിന്ന് ബലം പ്രയോഗിച്ച് യാത്രക്കാരനെ തള്ളി താഴെയിട്ടത്. ഇയാൾ റോഡിലേക്ക് തെറിച്ചു വീണു. ബസ് യാത്രക്കാരനെ അവഗണിച്ച് കടന്നു പോകുകയും ചെയ്തു.

യാത്രക്കാരൻ ബസിനുള്ളിൽ വച്ച് മദ്യപിച്ചെന്നും ബഹളമുണ്ടാക്കിയെന്നും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായും കണ്ടക്ടർ വാദിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സംസ്ഥാന ട്രാൻസ്‌പോർട്ട് അധികൃതർ അറിയിച്ചു.