മലപ്പുറം: വിൽപനക്കായി ബംഗളൂരുവിൽ നിന്നും എത്തിച്ച അരലക്ഷം രൂപയുടെ എം.ഡി.എം.എയുമായി 20കാരൻ നിലമ്പൂരിൽ പിടിയിൽ. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട 11.6 ഗ്രാം എം.ഡി.എം.എയുമായാണ് യുവാവിനെ നിലമ്പൂർ പൊലീസാണ് പിടികൂടിയത്. അമരമ്പലം ഉള്ളാട് സ്വദേശി തരടിയേക്കൽ ജൗഹർ ജഹാനെയാണ് (20) ഇന്നു പുലർച്ചെ രണ്ടോടെ നിലമ്പൂർ കോടതി പടിയിൽനിന്നും നിലമ്പൂർ എസ്‌ഐ വി. വിജയരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വിൽപ്പനക്കും രഹസ്യ കേന്ദ്രങ്ങളിൽ കൂട്ടുകാരുമൊത്ത് സംഘം ചേർന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു എം.ഡി.എം.എ എത്തിച്ചിരുന്നത്. പിടിച്ചെടുത്ത എം.ഡി.എം.എക്ക് വിപണിയിൽ അര ലക്ഷം രൂപയോളം വില വരും. എഎസ്ഐ മുജീബ്, എസ്.സി.പി.ഒ പി. സുജേഷ്, ഡാൻസാഫ് അംഗങ്ങളായ എസ്‌ഐ എം. അസ്സൈനാർ, എൻ.പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.