മൂന്നാർ:കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഇന്ന് രാവിലെ 9 മണിയോടെ ശാന്തൻപാറ തലക്കുളം ഭാഗത്ത് താമസിച്ചു വരുന്ന സാമുവൽ ( 70) ആണ് കൊല്ലപ്പെട്ടത്. സ്വന്തം കൃഷിയിടത്തിൽ കൃഷിപ്പണികൾ നടത്തി വരവെ ആന ആക്രമിക്കു കയായിരുന്നു.

കർഷകന്റെ ജീവനെടുത്തത് പ്രദേശത്ത് ചുറ്റിത്തിരിയുന്ന ചക്കക്കൊമ്പനാണെന്നാണ് നാട്ടുകാരുടെ നിഗമനം. വനം വകുപ്പ് തുടരുന്ന അനാസ്ഥയാണ് മരണത്തിന് കാരണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പൂപ്പാറ ജംഗ്ഷനിൽ സംഘടിച്ച് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നത്തിന് പരിഹാരം കാണാതെ പിരിയില്ലെന്ന് പ്രഖ്യാപിച്ചാണ് ജനക്കൂട്ടം നിലയുറപ്പിച്ചിട്ടുള്ളത്. പ്രതിഷേധക്കാരുമായി വനം വകുപ്പ ഉദ്യോഗസ്ഥർ അനു രഞ്ജന ചർച്ച ആരംഭിച്ചിട്ടുണ്ട്.

അക്രമകാരികളായ ആന കളെ പിടികൂടി , ഈ വനമേഖലയിൽ നിന്നും ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചക്കകൊമ്പൻ , മുറിവാലൻ കൊമ്പൻ , അരിക്കൊമ്പൻ എന്നീ പേരുകളിൽ നാട്ടിൽ അറിയപ്പെടുന്ന ആനകളാണ് പ്രധാനമായും ഭീതി പരത്തുന്നതെന്നും ഇവ ഒട്ടുമിക്ക സമയങ്ങളിലും ജനവാസ മേഖലകളിലാണെന്നും നാട്ടുകാർ പറയുന്നു.

നൂറിലേറെ വരുന്ന നാട്ടുകാർ പൂപ്പാറ ജംഗ്ഷനിൽ പ്രതിഷേധവുമായി നിലയുറപ്പിച്ചിരിക്കുകയാണ്. ആന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിനകം 20 ലേറെപ്പേർ മേഖലയിൽ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ .