മലപ്പുറം: ഒന്നേമുക്കാൽ കോടിയുടെ അനധികൃത സിഗററ്റ് ഇടപാട് പൊലീസ് പിടികൂടി. മാർക്കറ്റിൽ പാക്കറ്റിന് 70 രൂപ വിലയുള്ള സർക്കാർ അനുമതിയുള്ള സിഗററ്റിന് സമാനമായ സിഗററ്റ് വിൽപന നടത്തുന്നത് വെറും 20-25 രൂപക്ക്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഇന്നു പുലർച്ചെ മമ്പാട് പുള്ളിപ്പാടം കറുകമണ്ണ പൂളക്കപ്പൊയിൽ താമസിക്കുന്ന പള്ളിപ്പറമ്പിൽ അസ്‌ക്കറിന്റെ(37) വീട്ടിൽ നിലമ്പൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് വിവിധ പേരുകളിലുള്ള മൂന്നര ലക്ഷം സിഗററ്റ് പാക്കറ്റുകൾ അടങ്ങിയ ശേഖരം പിടികൂടിയത്.

അനധികൃത സിഗററ്റ് ഇടപാടിലൂടെ സർക്കാരിന് ലക്ഷങ്ങളുടെ നികുതി നഷ്ടമാണ് ദിനേന ഉണ്ടാവുന്നത്. രഹസ്യമായി യാതൊരു നികുതിയും അടക്കാതെ കടത്തികൊണ്ട് വന്ന് വീട്ടിൽ ശേഖരിച്ച് വിവിധ മാർക്കറ്റുകളിലൂടെ വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി. മാർക്കറ്റിൽ ഒരു പാക്കറ്റിന് 70 രൂപ വിലയുള്ള സർക്കാർ അനുമതിയുള്ള സിഗററ്റ് ന് സമാനമായ സിഗററ്റ് വെറും 20-25 രൂപക്കാണ് പാക്കറ്റ് ഒന്നിന് സംഘം ചില്ലറ വിൽപ്പന നടത്തിയിരുന്നത്.

പ്രതിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയിൽ എടവണ്ണയിൽ നിന്നും പതിവായി എം. സാൻഡ് കയറ്റി നിലഗിരി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇറക്കി മടങ്ങിവരും വഴിയാണ് ഇത്തരത്തിൽ സിഗററ്റ് ഉൽപ്പന്നങ്ങൾ ഗൂഡല്ലൂരിൽ നിന്നും രഹസ്യമായി ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കടത്തി കൊണ്ട് വന്നിരുന്നത്. ധാരാളം ക്രഷർ ഉൽപ്പന്നങ്ങൾ കയറ്റി ടിപ്പർ ലോറികൾ പതിവായി വഴിക്കടവ് ചുരം വഴി കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് സർവ്വീസ് നടത്തുന്നത് പതിവാണ് . മടക്കത്തിൽ കാലി എന്നും എംറ്റി എന്നും പറഞ്ഞ് ചെക്ക് പോസ്റ്റ് വഴി കടന്നുപോകുന്നതും പതിവാണ്. ഈ അവസരമാണ് പ്രതി സിഗററ്റ് കടത്തിന് തന്ത്ര പരമായി ഉപയോഗപ്പെടുത്തിയത്.

സിഗററ്റ് ഉൽപ്പന്നങ്ങൾക്ക് ഭാരം കുറവായത് കാരണം മടക്ക വണ്ടികളിൽ ഇത്തരം കടത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലും ഒറ്റ നോട്ടത്തിൽ പെടാറില്ല. പിടിച്ചെടുത്ത സിഗററ്റ് ഉൽപ്പന്നങ്ങൾ നിലമ്പൂർ പൊലീസ് നടപടികൾക്ക് ശേഷം നിലമ്പൂർ കോടതിക്ക് കൈമാറും. മേൽ നടപടിക്കായി വിവരം ജി.എസ്.ടി വിഭാഗത്തേയും മറ്റ് നികുതി വകുപ്പിനേയും പൊലീസ് അറിയിച്ചിട്ടുണ്ട്. നികുതി വകുപ്പും നടപടികൾ സ്വീകരിക്കും.

നിലമ്പൂർ എസ്‌ഐ വിജയ രാജൻ , ഡാൻസാഫ് ടീമിലെ എസ് ഐ എം. അസ്സൈനാർ , എസ്.സി.പി.ഒ: എൻ.പി. സുനിൽ , അഭിലാഷ് കൈപ്പിനി , നിബിൻ ദാസ് .ടി, ആസിഫലി .കെ.ടി, ജിയോ ജേക്കബ് , ഷിജു , എ എസ് ഐ റെനി ഫിലിപ്പ് , സി.പി.ഒ വിവേക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി ഉൽപ്പന്നങ്ങൾ പിടികൂടിയത്