മലപ്പുറം: കൂട്ടിൽ അടച്ച വളർത്തു നായ സ്ഫോടക വസ്തു കടിച്ച് ചത്ത സംഭവത്തിൽ കുഴിച്ചിട്ട നായുടെ ജഡം പുറത്തെടുത്ത് പരിശോധന നടത്തി. വഴിക്കടവ് വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയ ശേഷം ജഡം പറമ്പിൽ തന്നെ സംസ്‌ക്കരിച്ചു. തലയോട്ടിയും വായയും തകർന്നാണ് നായ ചത്തതെന്നാണ് പ്രാഥമിക നിഗമനം.

വഴിക്കടവ് സ്റ്റേഷനിലെ എസ്‌ഐ അജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ജില്ല പൊലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സംഭവ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. മൊടപ്പൊയ്കയിലെ പള്ളത്തുകുഴിയിൽ സാലി എന്ന വീട്ടമ്മയുടെ 6 വയസ് പ്രായമുള്ള കാൽ ലക്ഷം രൂപ വില ഉള്ള ലാബ്രഡോർ നായയാണ് ഇക്കഴിഞ്ഞ 6 ന് തലയും മുഖവും തകർന്ന് കൂട്ടിൽ ചത്ത് കിടക്കുന്നതായി കണ്ടത്.

വീട്ടമ്മയുടെ പരാതിയിൽ വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെ ആരോ പന്നിപ്പടക്കം പോലെയുള്ള സ്ഫോടകവസ്തു കൂട്ടിൽ വെച്ച് നായയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭർത്താവ് മരിച്ച 63 കാരിയായ സാലി വീട്ടിൽ തനിച്ചാണ് താമസം. മക്കൾ വിദേശത്താണ്. ഒറ്റക്ക് താമസിക്കുന്ന സാലിക്ക് ഏക ആശ്രയമായിരുന്നു ഗൗരു എന്ന വളർത്തു നായ.

രാത്രി ഏഴരയോടെ സ്ഫോടനത്തിന്റെ ശബ്ദം വിടിനകത്തായിരുന്ന സാലി കേട്ടെങ്കിലും പുറത്ത് ആരെങ്കിലും പടക്കം പൊട്ടിച്ചതായിരിക്കും എന്നാണ് കരുതിയത്. പരിസരവാസികളും സ്ഫോടന ശബ്ദം കേട്ടിരുന്നെങ്കിലും ആരും ഗൗനിച്ചില്ല. പിറ്റേ ദിവസം രാവിലെ നായ്ക്ക് തീറ്റ കൊടുക്കാൻ നേരത്താണ് അടച്ചുറപ്പുള്ള കൂട്ടിനകത്ത് രക്തം വാർന്ന് ചത്ത് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.