മലപ്പുറം: ക്ഷേത്രത്തിൽ പട്ടാപകൽ കയറി വീട്ടമ്മയെ അപായപ്പെടുത്താൻ ശ്രമിച്ച് മോഷണം. മലപ്പുറം വളാഞ്ചേരി കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലാണ് പട്ടാപകൽ മോഷണത്തിനായി വധശ്രമം നടന്നത്. ഇരിക്കാരിക്കര മഠത്തിൽ വിജയലക്ഷ്മി (61)നെയാണ് ഇതരസംസ്ഥാന യുവാവ് എന്ന് കരുതുന്നയാൾ മോഷണത്തിനായി അപായപ്പെടുത്താൻ ശ്രമം നടത്തിയത്.

നിത്യകർമ്മങ്ങൾക്ക് പോലും വരുമാനം കുറവായതിനാൽ ശാന്തിക്കാരനെ മാത്രമേ ക്ഷേത്രത്തിൽ നിയമിച്ചിട്ടുള്ളു എന്നതിനാൽ സ്വന്തം തറവാട്ടു ക്ഷേത്രം കൂടിയായ അയ്യപ്പ ക്ഷേത്രത്തിൽ വിജയലക്ഷ്മിയാണ് അടിച്ചുതളി മറ്റു ജോലികളെല്ലാം പതിവായി ചെയ്യാറ്. ഇക്കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി പ്രതിയായ യുവാവ് രാവിലെ ക്ഷേത്രത്തിൽ സ്ഥിരമായി വന്ന് ഇവരിൽ നിന്ന് പായസം വാങ്ങി കഴിക്കാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കൊൽക്കത്ത സ്വദേശിയാണ്, പനി കാരണം ജോലിക്ക് പോവാൻ കഴിയുന്നില്ല എന്നും യുവാവ് ഇവരോട് പറഞ്ഞതായി ഇവർ പറഞ്ഞു.

സംഭവം നടന്ന ബുധനാഴ്ച ദിവസവും ഇയാൾ വരികയും പായസം വാങ്ങി കഴിക്കുകയും പൂജാരി പോയ ശേഷം ഏകദേശം രാവിലെ 10.30 ന് പാത്രങ്ങൾ കഴുകുകയായിരുന്ന വിജയലക്ഷ്മിയുടെ പിറകിലൂടെ ചെന്ന് കഴുത്തിൽ ഷാൾ ചുറ്റി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിൽ ഷാൾ മുറുകിയതോടെ ബോധം നഷ്ടപ്പെട്ടു നിലത്ത് വീണ ഇവർ മരണപ്പെട്ടെന്ന് കരുതി ആവാം പ്രതി സ്വർണ്ണത്തിന്റെ 3 വളകളും, ഒരു ചെയിൻ, ഒരു മോതിരം എന്നിങ്ങനെ 6 പവൻ സ്വർണവും ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും മോഷ്ടിച്ചു കടന്നു കളഞ്ഞത്.

ഉൾഗ്രാമ മായതിനാലും ക്ഷേത്ര പൂജാ സമയം കഴിഞ്ഞതിനാലും വിജയലക്ഷ്മി യെ അപായപ്പെടുത്താൻ ശ്രമിച്ചത് ആരും അറിഞ്ഞില്ല. ചെറുതായി ബോധം തിരിച്ച് കിട്ടിയ ഇവർ ബന്ധുക്കളെയും മക്കളേയും മറ്റും അറിയിച്ചതിനാൽ അവശയായ ഇവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പൊലീസ് സംഭവ സ്ഥലം സന്ദർശിച്ച് കേസെടുത്തു.