കണ്ണൂർ: നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തിയതായി തലശേരി എ.സി.പി നിഥിൻരാജ് അറിയിച്ചു. തലശേരി ടൗൺ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്‌ച്ച വൈകുന്നേരമാണ് രേഖപ്പെടുത്തിയത്.

തലശേരി സഹകരണാശുപത്രിയിൽ നിന്നും സംസാരിക്കാനായി വിളിച്ചിറക്കി രണ്ടുപേരെ റോഡരികിൽ നിന്നും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിൽ ഏഴുപേരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത നെട്ടൂർ വെള്ളാടത്ത് ഹൗസിൽ സുരേശ്ബാബു എന്ന പാറായി ബാബു (47), നെട്ടൂർ ചിറക്കക്കാവിനു സമീപം മുട്ടങ്ങൽവീട്ടിൽ ജാക്‌സൺ വിൽസെന്റ് (28), വടക്കുമ്പാട് പാറക്കെട്ടിൽ മുഹമ്മദ് ഫർഹാൻ അബ്ദുൽസത്താർ (29), പിണറായി പടന്നക്കരയിലെ വാഴയിൽ വീട്ടിൽ സുജിത്ത്കുമാർ (45), നെട്ടൂർ വണ്ണത്താവീട്ടിൽ നവീൻ (32), പാറായി ബാബുവിനു ഒളിവിൽ കഴിയാൻ സഹായിച്ച വടക്കുമ്പാട് ചേരക്കാട്ടിൽ വീട്ടിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ സന്ദീപ് (38) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം നാലോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപം വച്ചായിരുന്നു കൊലപാതകം.

ആശുപത്രിയിൽ നിന്നു വിളിച്ചിറക്കിയ നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ. ഖാലിദ് (52), സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീർ (40) എന്നിവരെ സംഘംചേർന്ന് അക്രമിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ പരുക്കേറ്റ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബ് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

അറസ്റ്റിലായവരെ വെള്ളിയാഴ്‌ച്ച കോടതിയിൽ ഹാജരാക്കുമെന്ന് എ.സി.പി നിഥിൻരാജ് തലശേരിയിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം കൃത്യം നടന്ന തലശേരി സഹകരണാശുപത്രിക്ക് മുൻപിലുള്ള കോംട്രസ്റ്റ് കോംപൗണ്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.കൊല്ലപ്പെട്ട ഖാലിദിന്റെയും ഷമീറിന്റെയും ഭൗതിക ശരീരം സി.പി. എം തലശേരി ഏരിയാകമ്മിറ്റി ഓഫിസ് അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചു. സി.പി. എം നേതാക്കളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, എം.വി ജയരാജൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.