മലപ്പുറം: മലപ്പുറം തിരൂർ ചീനക്കലിൽ, നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തെരുവ് നായ്ക്ക്ൾ കടിച്ചു കീറിയ നിലയിലാണ് നവജാത ശിശുവിന്റെ മൃതശരീരം പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ കന്മനം ചീനക്കലിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്താണ് ഉണ്ടായിരുന്നത്. തെരുവുനായകളും മറ്റും കടിച്ചുകീറിയ നിലയിലായിരുന്നു. താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ മേൽനോട്ടത്തിൽ കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. മേഖലയിൽ നേരത്തെ തെരുവ് നായക്കളുടെ ശല്യം രൂക്ഷമായിരുന്നു.

ഇന്ന് രാവിലെ പറമ്പിൽ നിന്ന് കാക്കകൾ നിർത്താതെ ശബ്ദം വച്ചപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് നോക്കിയപ്പോൾ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുകാർ വിവരം പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും അറിയിക്കുകയുമായിരുന്നു. കുഞ്ഞിനെ പ്രസവിച്ച ഉടനെ തന്നെ ഉപേക്ഷിച്ചതാണെന്നാണ് സംശയം.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.