പട്‌ന: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവ്. മകൾ രോഹിണി ആചാര്യയാണ് ലാലുവിന് വൃക്ക നൽകിയത്. ലാലുവിനെ ഇപ്പോൾ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലാണ് ലാലു ഇപ്പോൾ. പപ്പയും സഹോദരിയും സുഖമായിരിക്കുന്നുവെന്നും തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വലഞ്ഞ ലാലുവിന് അവയവം മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്. തന്റെ വൃക്കകളിലൊന്ന് ലാലുവിന് നൽകുമെന്ന് പറഞ്ഞ രോഹിണി, ഒരു മകളുടെ കടമയാണിതെന്നും വ്യക്തമാക്കുകയുണ്ടായി.

സിംഗപ്പൂരിലാണ് രോഹിണി താമസിക്കുന്നത്. എല്ലായ്‌പ്പോഴും അവർ തന്റെ മാതാപിതാക്കളുടെ കാര്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്റെ അച്ഛനും അമ്മയും ദൈവത്തെ പോലെയാണെന്നും അവർക്ക് വേണ്ടി എന്തുചെയ്യാനും തയാറാണെന്നും അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.