- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് മലപ്പുറം സ്വദേശികൾ; തട്ടിപ്പ് നടത്തിയത് കോഴിക്കോട് നടക്കാവിലെ സ്ഥാപനം വഴി
കോഴിക്കോട്: വിദേശരാജ്യങ്ങളിൽ ജോലിക്കുള്ള വിസ ശരിയാക്കി നൽകുമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. തുവ്വൂർ വള്ളിക്കപറമ്പിൽ താജുദ്ദീൻ (31), കരുവാരക്കുണ്ട് കുളവൻ വീട്ടിൽ മുഹമ്മദ് ഷഹർ (32) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ അൽ ഫാൻസ എച്ച് ആർ സൊലൂഷൻ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇവർ. വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങുകയായിരുന്നു. പറഞ്ഞ ദിവസങ്ങൾ കഴിഞ്ഞിട്ടും വിസ കിട്ടാത്തതിനാൽ ആളുകൾ നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. നടക്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാലു കേസുകളിൽ അന്വേഷണം നടത്തിയതിൽ വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലിക്കുള്ള വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചതിക്കുകയാണെന്ന് വ്യക്തമായി. ഒളിവിൽ പോയ പ്രതികൾ എറണാകുളം, പാലക്കാട്, കോയമ്പത്തൂർ എന്നിവടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മലപ്പുറം, വയനാട് ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നേരത്തെയും ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
താജുദ്ദീൻ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അർദ്ധരാത്രി വീട്ടിലെത്തിയ പൊലീസ് വീടിന് മുകളിൽ കഴിയുകയായിരുന്ന പ്രതിയെ ഇവിടെയെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാണ്ടിക്കാട് വാടക വീട്ടിൽ നിന്നാണ് ഒളിവിൽ കഴിയുന്ന മുഹമ്മദ് ഷഹറിനെ കസ്റ്റഡിയിൽ എടുത്തത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് നാലാം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇവർക്കെതിരെ ഇനിയും പരാതികൾ വരാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കൂട്ടുപ്രതികളെക്കുറിച്ചും പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.
നടക്കാവ് ഇൻസ്‌പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ കൈലാസ് നാഥ് എസ് ബി, കിരൺ ശശിധർ, ബാബു പുതുശ്ശേരി, അസി. സബ് ഇൻസ്‌പെക്ടർ സന്തോഷ് മമ്പാട്ടിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, ഹരീഷ് കുമാർ സി, ജോജോ ജോസഫ്, ഗിരീഷ് എം, സിവിൽ പൊലീസ് ഓഫീസർമാരായ ലെനീഷ് പി എം, ബബിത്ത് കുറുമണ്ണിൽ, വന്ദന കെ ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കെ വി നിരഞ്ജന് മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.