മൂവാറ്റുപുഴ: പോത്താനിക്കാട് 21 കാരി ജീവനൊടുക്കിയത് പിതാവിനെ അടക്കിയിട്ടുള്ള പള്ളിയിൽപ്പോയി പ്രാർത്ഥിക്കാൻ കഴിയാത്ത വിഷമം മൂലമെന്ന് സൂചന.
ഇടുക്കി മുത്തലക്കാട് പരേതനായ റെജിയുടെ മുകൾ റെയ്മിയാണ് പോത്താനിക്കാട് സഹോദരൻ ഫ്രാങ്കിളിൻ വാടകയ്ക്കെടുത്തിരുന്ന വീട്ടിൽ തുങ്ങി മരിച്ചത്. ഫ്രാങ്കിളിൻ മൂവാറ്റുപുഴയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്.ജോലിക്ക് പോകാനുള്ള സൗകര്യാർത്ഥമാണ് പോത്താനിക്കാട് വാടവീടെടുത്തത്.

തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന റെയ്മിയുടെ പിതാവ് റെജി ഒന്നരവർഷം മുമ്പ് തെങ്ങിൽ നിന്ന് വീണ് മരണപ്പെട്ടിരുന്നു.പിതാവിന്റെ പെട്ടെന്നുള്ള വേർപാട് റെയ്മിക്ക് വലിയ മാനസീകാഘാതമായിരുന്നു.എവിടെപ്പോയാലും റെയ്മിക്കുള്ള പലഹാരപ്പൊതിയുമായിട്ടാണ് റെജി വീട്ടിൽ തിരിച്ചെത്തിയിരുന്നത്. പിതാവിന്റെയും മകളുടെയും സ്നേഹപ്രകടനം ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നെന്നാണ് അയൽവാസികൾ പങ്കുവയ്ക്കുന്ന വിവരം.

മാതാവ് എൽസിക്കും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഫ്രാങ്കിളിൻ ജോലി തരപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ മാതാവും സ്ഥാപനത്തിൽ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. ഈ ആവശ്യത്തിലേയ്ക്കായിട്ടാണ് ഇടുക്കിയിലെ വീട്ടിൽ നിന്നും മാതാവും റെയ്മിയും 3 ദിവസം മുമ്പ് ഫ്രാങ്കിളിന്റെ പോത്താനിക്കാട്ടെ വീട്ടിൽ താമസത്തിനെത്തുന്നത്.

ഇവിടെ എത്തിയതുമുതൽ റെയ്മി അസ്വസ്ഥയായിരുന്നു. സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളിയിലെ പിതാവിന്റെ കല്ലറയിൽപ്പോയി പ്രാർത്ഥിക്കാൻ കഴിയാത്തതിലായിരുന്നു റെയ്മിക്ക് കൂടുതൽ വിഷമം. ഇതും പറഞ്ഞ് റെയ്മി വീട്ടിൽ അമ്മയോടും സഹോദനോടും വഴക്കിട്ടിരുന്നു.ഇന്നലെ രാവിലെയും റെയ്മി ഇക്കാര്യം പറഞ്ഞ് വീട്ടിൽ ബഹളം വച്ചിരുന്നു.

രാവിലെ ഫ്രാങ്കിളിനും മാതാവും ജോലിക്കുപോയിരുന്നു. വൈകിട്ട് മാതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് റെയ്മിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.പോത്താനിക്കാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശമായ ഇടുക്കിയിലേയ്ക്ക് കൊണ്ടുപോകുന്നതിനാണ് ബന്ധുക്കളുടെ തീരുമാനം.