- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ് ' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിങ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
ആറ് മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ഇ ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിങ് നടത്തുന്നത്. ലഭ്യമായ വിവരങ്ങൾ തത്സമയം ആരോഗ്യ വകുപ്പിനറിയാനും തുടർനടപടികൾ സ്വീകരിക്കാനും ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കാനും സഹായിക്കുന്നു.
ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെയാണ് ആരോഗ്യ പ്രവർത്തകർ വീട്ടിൽ പോയി കണ്ട് സ്‌ക്രീനിങ് നടത്തി രോഗസാധ്യത കണ്ടെത്തുന്നത്. ഇതുവരെ ആകെ 50,01,896 പേരെ സ്‌ക്രീനിങ് നടത്തിയതിൽ 18.89 ശതമാനം പേർ (9,45,063) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.
10.76 ശതമാനം പേർക്ക് (5,38,491) രക്താതിമർദവും, 8.72 ശതമാനം പേർക്ക് (4,36,170) പ്രമേഹവും, 3.74 ശതമാനം പേർക്ക് (1,87,066) ഇവ രണ്ടും സംശയിക്കുന്നുണ്ട്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.
ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നു. ഈയൊരു ലക്ഷ്യം മുൻനിർത്തി വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ കാമ്പയിൻ വഴി 6.44 ശതമാനം പേർക്ക് (3,22,155) കാൻസർ സംശയിച്ച് റഫർ ചെയ്തിട്ടുണ്ട്.
0.32 ശതമാനം പേർക്ക് വദനാർബുദവും, 5.42 ശതമാനം പേർക്ക് സ്തനാർബുദവും, 0.84 ശതമാനം പേർക്ക് ഗർഭാശയ കാൻസർ സംശയിച്ചും റഫർ ചെയ്തിട്ടുണ്ട്.




