അടിമാലി : മുന്നാറിൽ പഠന വിനോദ യാത്രക്കു ശേഷം തിരികെ വന്ന വിദ്യാർത്ഥികളെ ആക്രമിച്ച ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്‌കൂൾ ആധികൃതർ കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരിതി നൽകി.

കൊല്ലം ചിതറ എസ്എൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കു നേരെ കഴിഞ്ഞ 6 ന് ആണ് ആക്രമണം അരങ്ങേറിയത്. അടിമാലി സഫയർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിലെ പെൺകുട്ടിയെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ശല്യപ്പെടുത്തി. ഇത് ചോദ്യം ചെയ്ത സഹപാഠികളെ ഡ്രൈവറും ഹോട്ടൽ ജീവനക്കാരും ചേർന്ന് ആക്രമിക്കുകയായിരുന്നു.

സാരമായി പരുക്കേറ്റ വിദ്യാർത്ഥികൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. തുടർന്ന് 4 ഹോട്ടൽ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിറ്റേന്ന് രാവിലെ കേസ് എടുക്കാതെ വിട്ടയച്ചു.

സാരമായി പരുക്കേറ്റ വിദ്യാർത്ഥികൾ അവശ നിലയിൽ കൊല്ലത്ത് എത്തി ആശുപ്രതിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.