കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കെ. സുരേന്ദ്രനിൽനിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്ലിം ലീഗിനില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്‌ലിംലീഗെന്നായിരുന്നു കെ. സുരേന്ദ്രന്റെ പരാമർശം.

ലീഗിന്റെ ജനാധിപത്യ, മതേതര കാഴ്ചപ്പാടുകൾക്ക് സിപിഎം അടക്കം ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ പുതിയ സാഹചര്യത്തിൽ ഇത് തീരെ ദഹിക്കാത്ത ഒരു പാർട്ടിയായി കേരളത്തിൽ അവശേഷിക്കുന്നത് ബിജെപി മാത്രമാണ്. ദലിത് പിന്നാക്ക ജനവിഭാഗങ്ങൾ മുസ്‌ലിം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്നവരുമാണ്. അതൊന്നും ബിജെപിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത തങ്ങൾക്കില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം:
ലീഗ് വർഗീയ പാർട്ടിയാണോ അല്ലയോ എന്ന ചർച്ച ഒരിക്കൽ കൂടി അരങ്ങിലെത്തുമ്പോൾ കേരളത്തിന്റെ കഴിഞ്ഞകാല രാഷ്ട്രീയ സാമൂഹിക മണ്ഡലത്തെ ഇഴകീറി പരിശോധിക്കുന്ന ആർക്കും മുസ്‌ലിം ലീഗ് ഏതെങ്കിലും ഘട്ടത്തിൽ വർഗീയ നിലപാടുകൾ സ്വീകരിച്ചതായി കാണാൻ സാധിക്കില്ല എന്നത് പരമമായ യാഥാർഥ്യമാണ്. ലീഗിന്റെ ജനാധിപത്യ, മതേതര കാഴ്ചപ്പാടുകൾക്ക് സിപിഎം അടക്കം ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ പുതിയ സാഹചര്യത്തിൽ ഇത് തീരെ ദഹിക്കാത്ത ഒരു പാർട്ടിയായി കേരളത്തിൽ അവശേഷിക്കുന്നത് ബിജെപി മാത്രമാണ്.

''രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്‌ലിംകൾക്ക് മാത്രം അംഗത്വം നൽകുന്ന പാർട്ടിയാണ്, യു.സി രാമന് പോലും ലീഗിൽ അംഗത്വമില്ല'' ഇങ്ങനെ പോകുന്നു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ലീഗിനെതിരെയുള്ള പുതിയ ആരോപണങ്ങൾ.

പാക്കിസ്ഥാനിലേക്കല്ല, നമുക്ക് ഇന്ത്യയെന്ന ബഹുസ്വരതയിൽ അലിഞ്ഞ് ചേരാമെന്ന് ആഹ്വാനം ചെയ്ത ഖാഇദെ മില്ലത്തിന്റെ പിറകിൽ അണിനിരന്ന് അന്ന് മുതൽ ഇന്ന് വരെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കാനും സന്നദ്ധമായ സംഘമാണ് മുസ്‌ലിം ലീഗ് എന്ന് ബിജെപി നേതാക്കൾക്ക് അറിയാഞ്ഞിട്ടല്ല. മുസ്‌ലിം ലീഗിനെതിരിൽ വർഗീയത ആരോപിക്കുന്ന ബിജെപി പ്രസിഡന്റിനോട് ഒന്നേ പറയാനുള്ളൂ... നിങ്ങളിൽനിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്‌ലിംലീഗിനില്ല.

പിന്നെ യു.സി രാമന്റെ മെമ്പർഷിപ്പിന്റെ കാര്യം, ഒരു യു.സി രാമൻ മാത്രമല്ല ആയിരം രാമന്മാർക്ക് ഞങ്ങൾ ഇത്തവണയും അംഗത്വം നൽകിയിട്ടുണ്ട്, ദലിത് പിന്നാക്ക ജനവിഭാഗങ്ങൾ മുസ്‌ലിം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്നവരുമാണ്. അതൊന്നും ബിജെപിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഞങ്ങൾക്കില്ല.