- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹങ്ങൾ വീണ്ടെടുത്ത് ബന്ധുക്കൾക്ക് നൽകിയിരുന്ന വേലായുധന്റെ മൃതദേഹം പത്ത് ദിവസമായി മോർച്ചറിയിൽ; രണ്ടു ദിവസത്തിനുള്ളിൽ ബന്ധുക്കളെത്തിയില്ലെങ്കിൽ സംസ്ക്കരിക്കും
ആലുവ: മൃതദേഹങ്ങൾ വീണ്ടെടുത്ത് ബന്ധുക്കൾക്ക് നൽകിയിരുന്ന വേലായുധന്റെ മൃതദേഹം ബന്ധുക്കളെയും കാത്ത് പത്ത് ദിവസമായി മോർച്ചറിയിൽ. ട്രെയിൻ തട്ടി ചിതറിപ്പോകുന്ന മൃതദേഹ ഭാഗങ്ങൾ പെറുക്കിക്കൂട്ടി ആംബുലൻസിൽ കയറ്റിയിരുന്ന വേലായുധന്റെ മൃതദേഹമാണ് ദിവസങ്ങളായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. രണ്ട് ദിവസം കൂടി കാത്തിരുന്നിട്ടും ബന്ധുക്കൾ എത്തിയില്ലെങ്കിൽ അനാഥരെയും തിരിച്ചറിയാത്തവരെയും മറവു ചെയ്യുന്ന അശോകപുരത്തെ നഗരസഭാ ശ്മശാനത്തിൽ സംസ്‌കരിക്കാനാണു പൊലീസിന്റെ തീരുമാനം.
മുൻപ് കുന്നത്തേരിയിൽ താമസിച്ചിരുന്ന വേലായുധനെ (65) ഈ മാസം 3നു വൈകിട്ടാണ് ആലുവ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. തൊഴിലിൽ വേലായുധന്റെ സഹപ്രവർത്തകനായിരുന്ന പരീത് രണ്ട് വർഷം മുൻപു മരിച്ചപ്പോഴും മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്തിയില്ല. 14 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച ശേഷം മൃതദേഹം ഇതേ ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു. ഇന്ന് വേലായുധനം അനാഥനായി മോർച്ചറിയിൽ ബന്ധുക്കളെ കാത്തു കിടക്കുകയാണ്.
തമിഴ്‌നാട്ടിൽ നിന്നു 35 വർഷം മുൻപു വീട്ടുകാർക്കൊപ്പം ആലുവയിൽ എത്തിയതാണ് വേലായുധൻ. ഭാര്യയും മക്കളും ഉണ്ടെങ്കിലും മൃതദേഹങ്ങൾ എടുക്കുന്നതിലേക്കു തിരിഞ്ഞതോടെ അവരുമായുള്ള ബന്ധം മുറിഞ്ഞു എന്നാണു സുഹൃത്തുക്കൾ പറയുന്നത്. കുന്നത്തേരിയിൽ വേലായുധന്റെ വീട്ടുകാർ ആരെങ്കിലും ഉണ്ടോ എന്നറിയാൻ പൊലീസ് നടത്തിയ അന്വേഷണവും വിഫലമായി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംസ്‌കരിക്കുന്ന ദിവസം പോസ്റ്റ്‌മോർട്ടം നടത്തും.
റെയിൽവേ സ്റ്റേഷനിൽ ക്യൂ നിന്നു യാത്രക്കാർക്കു ട്രെയിൻ ടിക്കറ്റ് എടുത്തു കൊടുക്കുകയാണ് ആദ്യം ചെയ്തിരുന്നത്. അന്നത്തെ ആർപിഎഫ് ഉദ്യോഗസ്ഥരാണു വേലായുധനെ റെയിൽപാളത്തിൽ നിന്നു മൃതദേഹ ഭാഗങ്ങൾ ശേഖരിക്കുന്ന ജോലിക്കു നിയോഗിച്ചത്. പിന്നീട് അതൊരു വരുമാന മാർഗമായി. മറ്റുള്ളവർ തൊടാൻ മടിക്കുന്ന ജീർണിച്ച മൃതദേഹങ്ങൾ എടുക്കുന്നതും ഇൻക്വസ്റ്റിന് എത്തിക്കുന്നതും വേലായുധനും സുഹൃത്തുക്കളുമായിരുന്നു. അനാരോഗ്യം മൂലം കുറച്ചുനാൾ മുൻപു വേലായുധൻ ഇതിൽ നിന്നു മാറി ലോട്ടറി ടിക്കറ്റ് വിൽപന തുടങ്ങി. ഒടുവിൽ അതിനും വയ്യാതായി. കെഎസ്ആർടിസി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ബൈപാസ് മേൽപാലം എന്നിവിടങ്ങളിലാണ് അന്തിയുറങ്ങിയിരുന്നത്.