മലപ്പുറം: നൂറുക്കണക്കിനു ആധാർ കാർഡുകൾ, പിഎസ്‌സി നിയമന അറിയിപ്പുകൾ ഉൾപ്പെടെ തപാൽ ഉരുപ്പടികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടക്കര പാലേമാട് പോസ്റ്റോഫീസിനു സമീപത്തെ കെട്ടിടത്തിലാണ് സംഭവം കണ്ടെത്തിയത്. പോസ്റ്റോഫീസിന്റെ എതിർവശത്തെ കെട്ടിടത്തിനു മുകളിലായി ചപ്പുചവറുകൾ നിക്ഷേപിക്കുന്നയിടത്താണ് അഞ്ച് ചാക്കോളം വരുന്ന തപാൽ ഉരുപ്പടികൾ ഒഴിവാക്കിയ നിലയിൽ കണ്ടെത്തിയത്.

നൂറുക്കണക്കിനു ആധാർ കാർഡുകൾ, പിഎസ്‌സി നിയമന അറിയിപ്പുകൾ, പരീക്ഷാ അറിയിപ്പുകൾ, വിവിധ ബാങ്കുകളിൽ നിന്നുള്ള അറിയിപ്പുകൾ, സംസ്ഥാന സർക്കാരിൽ നിന്നുള്ള കത്തുകൾ തുടങ്ങി ആയിരക്കണക്കിനു രേഖകളാണ് ഉപേക്ഷിക്കപ്പെട്ടത്. ഇന്നു വൈകിട്ട് ഏഴു മണിയോടെയാണ് കെട്ടിടത്തിന്റെ മുകൾഭാഗം വൃത്തിയാക്കാൻ പോയ ആൾ തപാൽ ഉരുപ്പടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. ഇയാൾ വിവരമറിയിച്ചതിനെത്തുടർന്നു നാട്ടുകാർ തടിച്ചുകൂടുകയായിരുന്നു.

വിലപ്പെട്ട രേഖകൾ ഉള്ളതിനാൽ എടക്കര പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി ഉപേക്ഷിച്ച ഉരുപ്പടികൾ വീണ്ടെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി മേൽവിലാസക്കാർക്കു നൽകാതെ ഒളിപ്പിച്ചു വച്ച ഉരുപ്പടികളാണ് ഉപേക്ഷിച്ചതെന്നു കരുതുന്നു. പോസ്റ്റ് ഓഫീസ് കെട്ടിടം പൊളിക്കാൻ കെട്ടിട ഉടമ തീരുമാനിച്ചതിനെത്തുടർന്നാണ് ജീവനക്കാർ തപാൽ ഉരുപ്പടികൾ ഉപേക്ഷിച്ചത്. ആധാർ കാർഡുകൾ വിതരണം ചെയ്യാതെയും പിഎസ്‌സി പരീക്ഷ അറിയിപ്പുകൾ ഉദ്യോഗാർഥികൾക്കു നൽകാതെയും കൊടും ക്രൂരതയാണ് ജീവനക്കാർ കഴിഞ്ഞ രണ്ടു വർഷമായി കാട്ടിയത്.