- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; മനോധൈര്യം കൈവിടാതെ ബസ് സുരക്ഷിതമായി നിർത്തി 48 യാത്രക്കാരുടെ ജീവൻ രക്ഷിച്ചു; കുഴഞ്ഞുവീണ സിജീഷ് കുമാർ മരണത്തിന് കീഴടങ്ങി
കോഴിക്കോട്: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം സംഭവിച്ചിട്ടും മനോധൈര്യം കൈവിടാതെ 48 യാത്രക്കാരുടെ ജീവനുകൾ രക്ഷിച്ച താമരശ്ശേരി ചുണ്ടംക്കുന്നുമ്മൽ സിജീഷ് കുമാർ (48) മരണത്തിന് കീഴടങ്ങി. യാത്രക്കാരുമായി പോവുകയായിരുന്ന കെ എസ് ആർ ടി സി താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവർ സിജീഷിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മനോധൈര്യം കൈവിടാതെ ബസ് റോഡരികിലേക്ക് സുരക്ഷിതമായി നിർത്തിയതിന് പിന്നാലെ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. വീണതിനുശേഷമാണ് കണ്ടക്ടറും യാത്രക്കാരും സംഭവം അറിയുന്നത്. ബസിന്റെ ഗിയർ മാറ്റാൻ പോലും സാധിക്കാത്ത അവസ്ഥയിലും മനോബലം വെടിയാതെ യാത്രക്കാരെ സുരക്ഷിതമാക്കുകയായിരുന്നു ഇദ്ദേഹം. കുന്ദംകുളത്ത് വച്ചായിരുന്നു സംഭവം.
ബസിൽ കുഴഞ്ഞു വീണ സജീഷിനെ ഉടൻ തന്നെ കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയിലിരിക്കെയാണ് മരണം. പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: മാളു. ഭാര്യ: സ്മിത. മകൾ: സാനിയ സിജീഷ്. സഹോദരി: പ്രിജി. മൃതദേഹം പുതുപ്പാടി പൊതു ശ്മാശനത്തിൽ സംസ്കരിച്ചു.
ഇക്കഴിഞ്ഞ നവംബർ 20 ന് പുലർച്ചെ നാലു മണിയോടെ താമരശ്ശേരിയിൽ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സംഭവം. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര പോയതായിരുന്നു ബസ്. കഴിഞ്ഞ വർഷം മൂന്നാറിൽ ഉണ്ടായ മണ്ണിടിച്ചിലിലും സിജീഷ് ഓടിച്ച ബസ് അപകടത്തിൽ പെട്ടിരുന്നു. ബസിന് മുകളിലേക്ക് മണ്ണും മരച്ചില്ലകളും വീഴുകയും ബസിന് കേടുപാടുകൾ പറ്റുകയും ചില്ല് പൊട്ടുകയും ചെയ്തിരുന്നു. എന്നാൽ പ്രതിസന്ധിയെ ധൈര്യപൂർവ്വം നേരിട്ട് സിജീഷ് യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.