- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരുണ്യം തേടി പാട്ടുവണ്ടിയുമായി മുഹമ്മദ് റാഫിയും സംഘവും; പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി പാട്ടുപാടി സ്വരൂപിച്ചത് 75 ലക്ഷം രൂപ
തിരൂർ: പാട്ടുപാടി പാവങ്ങളിൽ കാരുണ്യം ചൊരിഞ്ഞ് മുഹമ്മദ്് റാഫിയും സംഘവും. പാവപ്പെട്ട വൃക്ക -ഹൃദയ രോഗികളുടെ ചികിത്സയ്ക്കാണ് ഈ പാട്ടുവണ്ടി ജനങ്ങിലേക്ക് ഇറങ്ങി ചെല്ലുന്നത്. മൂന്നുവർഷംകൊണ്ട് പാട്ടുപാടി 75 ലക്ഷംരൂപയാണ് ഈ പാട്ടുവണ്ടി ശേഖരിച്ചത്. മുഹമ്മദ് റാഫി പറവണ്ണയുടെ നേതൃത്വത്തിലുള്ള ദൃശ്യം ഓർക്കസ്ട്ര ചാരിറ്റി സംഘമാണ് പാട്ടുപാടി തെരുവുകൾതോറും കാരുണ്യവർഷം നടത്തുന്നത്.
മുസ്തഫ വെട്ടം, ആരിഫ് കൂട്ടായി, ഷെരീഫ് കാഞ്ഞിരക്കുറ്റി, ശുഹൈബ് മലപ്പുറം എന്നിവരാണ് സംഘാംഗങ്ങൾ. പാവങ്ങളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ഇവരെല്ലാം ഒരേ മനസ്സുമായി മുന്നിട്ടിറങ്ങുകയായിരുന്നു. വിവാഹങ്ങളിലും ക്ലബ്ബ് വാർഷികങ്ങളിലും മറ്റ് ആഘോഷങ്ങളിലും പാട്ടുപാടലായിരുന്നു ഇവരുടെ തൊഴിൽ. രോഗിയായ കുട്ടിയുടെ ചികിത്സയ്ക്കായി പാട്ടുപാടാമോയെന്ന് മുഹമ്മദ് റാഫിയോട് ഒരിക്കൽ ഗായിക അഭിരാമി പേരാമ്പ്രയുടെ പിതാവ് ചോദിച്ചു. അതാണ് പാട്ടുവണ്ടിയിലേക്ക് വഴി തിരിച്ചുവിട്ടത്.
പേരാമ്പ്രയിലെ തളർന്നുകിടന്ന ഒന്നരവയസ്സുകാരിയുടെ ചികിത്സയ്ക്കായി ഒന്നരലക്ഷം രൂപ ശേഖരിച്ചാണ് റാഫി കാരുണ്യവണ്ടിയുടെ നായകസ്ഥാനം ഏറ്റെടുത്തത്. ഒട്ടേറെ രോഗികളുടെ കുടുംബങ്ങൾ സഹായം തേടിയെത്തി. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പാട്ടുവണ്ടിയുമായി സഞ്ചരിക്കുക. നിലവിൽ 18 രോഗികൾകൂടി സഹായംതേടി പാട്ടുവണ്ടിയെ സമീപിച്ചിട്ടുണ്ട്. രോഗംബാധിച്ചും കിടപ്പാടമില്ലാതെയും ദുരിതംപേറിക്കഴിയുന്ന ഒരാളെയെങ്കിലും സഹായിക്കാൻ കഴിഞ്ഞാൽ അത് ഏറ്റവും സന്തോഷമുള്ള നിമിഷമായി കാണണമെന്ന് മുഹമ്മദ് പറവണ്ണ പറഞ്ഞു.
കരോക്കെവെച്ച് പാടി ജീപ്പിൽ ബാനർകെട്ടി കൈയിൽ ബക്കറ്റുമായി ജനങ്ങളിലേക്കിറങ്ങി. കൈമലശ്ശേരിയിലെ ഇഖ്ബാൽ സൗണ്ട്സാണ് ഇവർക്ക് സൗണ്ടും സഞ്ചരിക്കാനുള്ള ജീപ്പും നൽകുന്നത്. മൂന്നു വർഷത്തിനുള്ളിൽ 13 രോഗികൾക്കായി ഇവർ പാട്ടുപാടി നൽകിയത് 75 ലക്ഷം രൂപയാണ്. പാട്ടുവണ്ടി ഒരുരോഗിക്കായി ഇതേവരെ ശേഖരിച്ച ഏറ്റവും ഉയർന്ന തുകയായ പത്തുലക്ഷം രൂപയുടെ സഹായം രോഗിക്ക് തൃപ്രങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി. അബ്ദുൾ ഫുക്കാർ കഴിഞ്ഞദിവസം കൈമാറി.