- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ വായ്പ എടുത്തവർക്കെതിരേ നടപടി; ഇരിട്ടിയിൽ ഗ്രാമീൺ ബാങ്കിൽ ചർച്ചക്കെത്തിയ ആം ആദ്മി പ്രവർത്തകരുടെ പേരിൽ കള്ളക്കേസ്
കണ്ണൂർ: ഇരിട്ടി ആം ആദ്മി പ്രവർത്തകരുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് ഉളിക്കൽ ശാഖാ മാനേജരും അസിസ്റ്റന്റ് മാനേജരും ഉൾപ്പെടെയുള്ള ജീവനക്കാർ നൽകിയ കള്ളകേസ് പിൻവലിക്കണമെന്നും കേസുമായി മുൻപോട്ട് പോയാൽ അതിനെ നിയമപരമായി നേരിടുമെന്നും ആം ആദ്മി പാർട്ടി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ഗ്രാമീണ ബാങ്ക് ഉളിക്കൽ, മണിക്കടവ്, പേരട്ട ബ്രാഞ്ചുകളിൽ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ഭൂമി ജപ്തി നടപടി സ്വീകരിക്കുകയും നോട്ടീസ് ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രശ്നം ആം ആദ്മി പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തുകയും ജപ്തി നടപടി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ മറ്റെല്ലാ ബാങ്കുകളും വിദ്യാഭ്യാസ വായ്പ മുതലിൽ നിന്നു വരെ കുറവ് വരുത്ത് പ്രശ്നം പരിഹരിക്കുമ്പോൾ കേരള ഗ്രാമീൺ ബാങ്ക് അമിത പലിശ ഈടാക്കുകയും ജപ്തി നടപടിയിലേക്ക് നീങ്ങുകയും ചെയ്യുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് ഇതിനെതിരെ ഡിസംബർ 2 ന് ബാങ്ക് ഉളിക്കൽ ശാഖയുടെ മുൻപിൽ ധർണ നടത്തുവാൻ തീരുമാനിച്ചിരുന്നു. ഈ വിവരം ബാങ്ക് മാനേജരെ രേഖാമൂലം ഒന്നിന് ആം ആദ്മി പാർട്ടി ഉളിക്കൽ പഞ്ചായത്ത് കൺവീനർ പി.വി. ജോസഫ് അറിയിച്ചിരുന്നു. എന്നാൽ ധർണ ബാങ്കിന് അവമതിപ്പും അപകീർത്തിയും സൽപേരിന് കളങ്കവും ഉണ്ടാക്കുമെന്നും ധർണ നടത്താതെ ഒരിക്കൽ കൂടി ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്നും മാനേജർ ആവശ്യപ്പെട്ടു.
ബാങ്കും നിലനിൽക്കണം കർഷകരും വേണം വായ്പ എടുത്ത എല്ലാവരും വായ്പാ തുകയും ന്യായമായ പലിശയും തിരിച്ചടക്കാൻ തയ്യാറാണെന്നും ബാങ്ക് അധികൃതരെ അറിയിച്ചു. ഇതുപ്രകാരം രണ്ടിന് ഭാരവാഹികൾ ബാങ്കിൽ എത്തി മാനേജർ പറഞ്ഞ പ്രകാരം ചർച്ചയ്ക്ക് തയ്യാറാണെന്നും അവരെ അറിയിച്ചു. എന്നാൽ തലേദിവസത്തിന് വിപരീതമായി ഞാൻ ആരുമായും ചർച്ചയ്ക്കില്ലെന്നും ഹെഡ് ഓഫീസിൽ ബന്ധപ്പെടണമെന്നും മാനേജർ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ മീഡിയ കൺവീനർ മൊബൈലിൽ പിടിച്ചപ്പോൾ ആരോട് ചോദിച്ചിട്ടാണ് അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതെന്ന് ചോദിച്ച് അസി. മാനേജർ മാനേജരുടെ ക്യാബിനിലേക്ക് വരികയും പൊലീസിൽ വിവരം അറിയിക്കുമെന്ന് പറഞ്ഞ് ബഹളം വച്ചപ്പോൾ ചർച്ചകൊണ്ട് കാര്യമില്ല എന്ന് മനസിലാക്കി ധർണ നടത്തുവാൻ തീരുമാനിച്ച് ഭാരവാഹികൾ തിരികെ പോരുകയും ചെയ്തു.
എന്നാൽ ഉളിക്കൽ പൊലീസ് സ്റ്റേഷനിൽ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസ് ഉണ്ടെന്ന് പറഞ്ഞ് നോട്ടീസ് നൽകുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം കണ്ടെത്തണമെന്നും കേസുമായി മുന്നോട്ട് പോയാൽ കേരള ഗ്രാമീണ ബാങ്കിന്റെ എല്ലാ ശാഖകൾക്ക് മുൻപിലും ധർണയും ഉപവാസവും നടത്തുമെന്നും ഇരിക്കൂർ നിയോജക മണ്ഡലം കൺവീനർ തോമസ് കുര്യൻ, സെക്രട്ടറി ഷാജി തെക്കേമുറി, ഉളിക്കൽ മണ്ഡലം കൺവീനർ പി.വി.ജോസഫ്, സെക്രട്ടറി ഷാജി പാറേമാക്കൽ, അഴിമതിവിരുദ്ധ സെൽ കൺവീനർ ഷാജി പി.കെ., മീഡിയ കൺവീനർ ബിപിൻ കാലാങ്കി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്