- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ഹൃദ്രോഗിയെ ബൂട്ടിട്ട് ചവിട്ടിയെന്ന പരാതി; ഉന്നതതല അന്വേഷണം ആരംഭിച്ചു; ചവിട്ടേറ്റ മുരളീധരൻ നായർ നാളെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും
ഇടുക്കി: പരാതിയെത്തുടർന്ന് വിളിച്ചുവരുത്തിയ ഹൃദ്രോഗിയെ ഡിവൈഎസ്‌പി ബൂട്ടിട്ട് ചവിട്ടിയതായുള്ള പരാതിയിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി സൂചന. പരാതി ഗൗരവുമുള്ളതാണെന്ന തിരിച്ചറവിൽ, ഇതെക്കുറിച്ച് വിശദമായി അന്വേഷിച്ച് ,യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് കണ്ടെത്തുന്നതിനാണ് ഉന്നതതലത്തിൽ നീക്കം നടക്കുന്നത്. അതീവ രഹസ്യസ്വഭാവത്തിലാണ് അന്വേഷണം.
എസ്എൻഡിപി യൂണിയൻ നൽകിയ പരാതിയിൽ തൊടുപുഴ ഡിവൈഎസ്‌പി വിളിച്ചുവരുത്തി ഹൃദ്രോഗിയായ തന്നെ മർദ്ദിച്ചെന്നാണ് മലങ്കര മുട്ടം സ്വദേശി മുരളീധരൻ നായരുടെ ആരോപണം. നാളെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മുരളീധരൻ നായർ മാധ്യമങ്ങളെ അറയിച്ചിട്ടുണ്ട്. എസ് എൻ ഡി പി യൂണിയനുമായി ബന്ധപ്പെട്ട പരാതിയിൽ തൊടുപുഴ ഡിവൈഎസ്‌പി വിളിച്ചുവരുത്തി ബൂട്ടിട്ട് ചവിട്ടിയെന്നും വയർലെസ് സെറ്റ് എടുത്ത് തന്റെ നേർക്ക് എറിഞ്ഞെന്നും മുരളിധരൻ വെളിപ്പെടുത്തിയിരുന്നു.
മുരളീധരനെതിരേ പരാതി ലഭിച്ചതിനെ തുടർന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ഇയാളെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയിരുന്നു.തൊടുപുഴ എസ്.എൻ.ഡി.പി യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ വനിതാ നേതാവിനെതിരേ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടത് സംബന്ധിച്ചാണ് മുരളീധരനെതിരെ പൊലീസിൽ പരാതി എത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ വിളിച്ചു വരുത്തിയ മുരളീധരനോട് ഇത്തരം പ്രവർത്തനം ഇനി ഉണ്ടാകുവാൻ പാടില്ലെന്ന് ഡിവൈ.എസ്‌പി ആവശ്യപ്പെട്ടു.എന്നാൽ തനിക്ക് എസ്.എൻ.ഡി.പി യൂണിയൻ ഒന്നര ലക്ഷം രൂപ തരാനുണ്ടെന്നും താൻ ഇനിയും പോസ്റ്റിടുമെന്നും മുരളീധരൻ ആവർത്തിച്ചു. ഇതോടെയാണ് ഡിവൈ.എസ്‌പി വയർലെസ് എടുത്ത് എറിയുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതെന്നാണ് മരളീധരൻ പറയുന്നത്.
മർദ്ദിച്ചതിനെ സംബബന്ധിച്ച് ഇടുക്കി എസ്‌പിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും ഒപ്പം കോടതിയെ സമീപിക്കുമെന്നും മുരളീധരൻ പറഞ്ഞു. അതേ സമയം സ്റ്റേഷനിലെത്തിയ മുരളീധരനാണ് പ്രകോപനപരമായി പെരുമാറിയതെന്നും ഇതെ തുടർന്ന് ഇയാളെ പുറത്തിറക്കി വിടാൻ മറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഡിവൈ.എസ്‌പി എം.ആർ. മധു ബാബു പറഞ്ഞു.
എന്നാൽ ഡിവൈ.എസ്‌പിയുടെ ഈ വാദം മരളീധരനൊപ്പമുണ്ടായിരുന്ന സന്തോഷ് തള്ളിക്കളഞ്ഞു. മുരളിധരനെ ഡിവൈഎസ്‌പി മർദ്ദിക്കുന്നത് താൻ കണ്ടെന്നാണ് സന്തോഷ് പുറത്തുവിട്ടിട്ടുള്ള വിവരം.
മറുനാടന്‍ മലയാളി ലേഖകന്.