മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് വീരപ്പൻ റഹീമിന്റെ കൂട്ടാളി പിടിയിൽ. നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയായ സോഡാ ബാബു എന്ന് വിളിക്കുന്ന സജിത്ത് ബാബു(45)വിനെ തിരൂർ പൊലീസാണ് പിടികൂടിയത്. കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ കോലു പാലത്തെ താമസസ്ഥലത്തിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്.

മലപ്പുറം കോഴിക്കോട് ജില്ലകളിലും കർണാടകയിലും നിരവധി കേസുകളിൽ ഉൾപ്പെട്ട ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. 15 വർഷം മുമ്പ് നടന്ന മോഷണ കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ മറ്റൊരു പ്രതിയെ ദിവസങ്ങൾക്കു മുൻപാണ് പൊലീസ് പിടികൂടിയത്. എസ്‌ഐ മാരായ ജിഷിൽ.വി, സജേഷ്.സി.ജോസ് , സി.പി.ഒ മാരായ അക്‌ബർ, ദിൽജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അതേ സമയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മയക്കുമരുന്ന് വിൽപ്പന കേസുകളിൽ പ്രതിയായ കീഴാറ്റൂർ വടക്കുംതലയിലെ എരുകുന്നത്ത് പ്രദീപിനെ കാപ്പ നിയമം ചുമത്തി കഴിഞ്ഞ ദിവസംഅറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസിന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.പ്രദീപിനെതിരെ മേലാറ്റൂർ, കരുവാരകുണ്ട്, പെരിന്തൽമണ്ണ, മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിലായി കഞ്ചാവ് വിൽപ്പന നടത്തിയതിനും കൈവശം വെച്ചതിനുമായി 11 ഓളം കേസുകളും ഒരു മോഷണ കേസും നിലവിലുണ്ട്.

മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ട് കേസുകളിലായി 10 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വർഷം മലപ്പുറം എക്സൈസിൽ 2.50 കിലോഗ്രാം കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വെച്ചതിനും പ്രദീപിനെതിരെ കേസുണ്ട്. വലിയ അളവിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രദീപിനെ ഒരു വർഷത്തേയ്ക്കാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ജില്ലയിൽ നിരവധി കേസുകളിൽ ഈ വർഷം പ്രതികളായിട്ടുള്ള 21 ഓളം പേർക്കെതിരെ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചു. ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസ് അറിയിച്ചു.