- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം നേടിയ താരത്തെ പുറത്താക്കി കാലിക്കറ്റ് സർവകലാശാല; മൂന്നാംസ്ഥാനക്കാരൻ അഖിലേന്ത്യാ സർവകലാശാല മത്സരത്തിന്
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണംനേടിയ താരത്തെ പുറത്താക്കി മൂന്നാംസ്ഥാനക്കാരനെ അഖിലേന്ത്യാ സർവകലാശാല മത്സരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം. തൃശ്ശൂർ സഹൃദയകോളേജിലെ ജീവൻ ജോസഫിനെയാണ് അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിനുള്ള പട്ടികയിൽനിന്ന് പുറത്താക്കിയത്. നാലുതവണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണംനേടിയ താരമാണ് ജീവൻ. എന്നിട്ടും ജീവനെ ഒഴിവാക്കിയിരിക്കുകയാണ് സർവകലാശാല.
67 കിലോഗ്രാം വിഭാഗത്തിലാണ് ജീവൻ മത്സരിച്ചത്. തിരഞ്ഞെടുപ്പ് ക്യാമ്പ് 10 മുതൽ 23 വരെയായിരുന്നു. ക്യാമ്പിലെ പട്ടിക പുറത്തുവന്നപ്പോഴാണ് ജീവൻ പുറത്തായ വിവരം അറിയുന്നത്. ഗ്രേസ് മാർക്ക് നൽകാനാണ് മൂന്നാംസ്ഥാനക്കാരെ പങ്കെടുപ്പിക്കുന്നതെന്നാണ് ജീവന്റെ കുടുംബം ആരോപിക്കുന്നത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളായ കെ.സി. ജോസഫിന്റെയും ബീനാ ജോസഫിന്റെയും മകനാണ്. ഇരട്ടകളായ ജീവനും ജിൽന ജോസഫും കാലിക്കറ്റ് സർവകലാശാല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. പെൺകുട്ടികളുടെ 57 കിലോഗ്രാമിലാണ് ജിൽന സ്വർണം നേടിയത്. എന്നാൽ ജിൽനയ്ക്ക് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകിയില്ല. രണ്ടുതവണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട് ജിൽന.
തൃശ്ശൂർ ബോക്സിങ് ക്ലബ്ബിനു കീഴിൽ പരിശീലനം നടത്തുന്ന താരങ്ങൾക്ക് മുൻഗണന നൽകിയാണ് പട്ടിക തയ്യാറാക്കിയതെന്ന് പിതാവ് ആരോപിക്കുന്നു. സഹൃദയ കോളേജിനുവേണ്ടി മക്കൾ മത്സരിച്ചതുകൊണ്ടാകാം അവരെ തിരഞ്ഞെടുക്കാത്തത്. സ്വർണംനേടിയ മകളെ ക്യാമ്പിലേക്കുപോലും തിരഞ്ഞെടുക്കാഞ്ഞത് അതുകൊണ്ടാകാം. ഗ്രേസ് മാർക്ക് നൽകാനാണ് മൂന്നാംസ്ഥാനക്കാരെ പങ്കെടുപ്പിക്കുന്നത്. എല്ലാ വിഭാഗത്തിലും സ്വർണംനേടിയ ആളെയാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. 67 കിലോ വിഭാഗത്തിൽ മാത്രം മൂന്നാംസ്ഥാനക്കാരനെക്കൂടി തിരുകിക്കയറ്റി. പ്രോ വൈസ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അനുകൂലവിധി വരുന്നതു വരെ സർവകലാശാലയിൽ സമരംചെയ്യാനാണ് തീരുമാനമെന്നും ജോസഫ് പറഞ്ഞു.
അതേസമയം അഖിലേന്ത്യാ സർവകലാശാല മത്സരത്തിനുള്ള തിരഞ്ഞെടുപ്പ്, ക്യാമ്പിലെ പ്രകടനം അടിസ്ഥാനമാക്കിയാണെന്ന് കാലിക്കറ്റ് സർവകലാശാല കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ പറയുന്നു. സ്വർണം നേടിയ എല്ലാവരേയും കൊണ്ടുപോകാനാകില്ല. എല്ലാ സർവകലാശാലകളും മികച്ചതാരങ്ങളെ ക്യാമ്പിൽനിന്നാണ് തിരഞ്ഞെടുക്കുക. ക്യാമ്പിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. ഒരു കോച്ചും നാലു സോണൽ സെലക്ടേഴ്സും അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.