- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽ പാളം മുറിച്ചുകടക്കാനെത്തിയ അമ്മയെയും കുഞ്ഞിനെയും തടയാൻ ശ്രമിച്ചു; പൊലീസുകാരന് തീവണ്ടി തട്ടി പരിക്ക്
ഉദുമ: റെയിൽ പാളം മുറിച്ചുകടക്കാനെത്തിയ അമ്മയെയും കുഞ്ഞിനെയും തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് തീവണ്ടി തട്ടി പരിക്കേറ്റു. കൈക്ക് പരിക്കേറ്റ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ പൊലീസുകാരൻ ഇരിയണ്ണി സ്വദേശി സജേഷിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന അമ്മയും കുഞ്ഞും പാളം മുറിച്ചുകടക്കാനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുമ്പോഴാണ് സജേഷിന്റെ കയ്യിൽ തീവണ്ടി തട്ടുന്നത്. ബീച്ച് ഫെസ്റ്റിവലിന്റെ ചുമതലയ്ക്കായി ബേക്കൽ സ്റ്റേഷനിലെത്തിയതായിരുന്നു സജേഷ്. ആളുകൾ കൂട്ടത്തോടെ ഇവിടെ പാളം മുറിച്ചുകടക്കുന്നുണ്ട്. പാളത്തിനരികിലെല്ലാം പൊലീസ് കാവൽ നിന്ന് ബോധവത്ക്കരണം നടത്തിയാണ് ഇത് തടയുന്നത്.
പാളം മുറിച്ചുകടക്കാതിരിക്കാൻ പ്രധാനപ്പെട്ട ഒരു വഴി പൊലീസ് താത്കാലികമായി അടയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ഇത് സംബന്ധിച്ച് പത്രങ്ങൾ വഴിയും സാമൂഹികമാധ്യമങ്ങൾ വഴിയും അറിയിപ്പും നൽകുന്നുണ്ട്. ഫെസ്റ്റിനെത്തുന്നവർ പാളം മുറിച്ച് കടക്കുമ്പോഴുള്ള അപകട സാധ്യത ഫെസ്റ്റ് തുടങ്ങുന്നതിന് മുൻപേ മാതൃഭൂമി പത്രം ചൂണ്ടിക്കാട്ടിയതാണ്. ഫെസ്റ്റ് കഴിയും വരെ ഈ ഭാഗത്ത് തീവണ്ടിയുടെ വേഗം കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും റെയിൽവേയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നാണ് ബുധനാഴ്ച രാത്രിയിലെ ഈ അപകടം നൽകുന്ന സൂചന.