പാഞ്ഞാൾ: കൂലിപ്പണി ചെയ്ത് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച് ക്ഷേത്ര ദർശനം നടത്തുകയാണ് വയോധിക ദമ്പതികളായ പാഞ്ഞാൾ ശ്രീപുഷ്‌ക്കരം വെള്ളാണ്ടത്ത് ബാലസുബ്രഹ്മണ്യനും (68) ഭാര്യ ഇന്ദിര (58) യും. അന്നന്നത്തെ വക തേടി ജോലി ചെയ്യുന്നവരാണ് ഇരുവരുമെങ്കിലും കിട്ടുന്ന പൈസയിൽ നിന്നും കുറച്ച് മാറ്റി വയ്ക്കും. മനസ്സിൽ ഉദ്ദേശിച്ച ക്ഷേത്രം വരെ പോകാനുള്ള പണമായാൽ ഇരുവരും യാത്ര തുടങ്ങും. ഇതാണ് പതിവു രീതി.

ഇരുചക്രവാഹനത്തിലാണ് ഇരുവരുടേയും യാത്ര. കേരളത്തിലെയും, തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങളിലേക്കാണ് സ്വന്തം സ്‌കൂട്ടറിൽ കയറി ഇരുവരും സഞ്ചരിക്കുന്നത്. അയ്യായിരം രൂപയോളം സമ്പാദിക്കാനായാൽ ഇവർ യാത്ര തുടങ്ങും. 2015ലാണ് ഇരുവരും യാത്ര തുടങ്ങുന്നത്. അന്നുണ്ടായിരുന്ന മോപ്പഡിലാണ് പഴനിയിലേക്കാണ് ഇരുവരും ആദ്യ യാത്ര നടത്തിയത്. പിന്നീട് യാത്രകൾ ഇരുവർക്കും ലഹരിയായി മാറി.

കോവിഡിനു ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവർ വീണ്ടും യാത്ര ആരംഭിച്ചത്. മധുര, രാമേശ്വരം, തൃപൈകുണ്ടം, ധനുഷ്‌കോടി, പഴനി തുടങ്ങിയ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണ് മടങ്ങിയത്. കഴിഞ്ഞ 8ന് പുലർച്ചെ 3.15 നു പുറപ്പെട്ട ദമ്പതിമാർ അമ്പലപ്പുഴ, മണ്ണാറശാല, ഹരിപ്പാട് അമ്പലം, തൃച്ചന്തൂർ , കന്യാകുമാരി, പത്മനാഭസ്വാമി ക്ഷേത്രം ,ആറ്റുകാൽ, കൊട്ടാരക്കര, പന്തളം കൊട്ടാരം, ഏറ്റുമാനൂർ, ചെങ്കൽ മഹാദേവ ക്ഷേത്രം, ആഴിമല തുടങ്ങിയ ഇരുപതോളം ക്ഷേത്രങ്ങളിൽ ദർശനം നടത്തി പതിനൊന്നിനു വൈകിട്ട് 7ന് വീട്ടിൽ മടങ്ങിയെത്തി. ഭക്ഷണവും, താമസവും ക്ഷേത്രങ്ങളിലാക്കും. ഇനി മിച്ചംപിടിച്ച് ഉണ്ടാക്കുന്ന പണം കൊണ്ട് മൂകാംബികയിലേക്ക് പോകാനാണ് ഇവരുടെ ആഗ്രഹം.