- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് മുസ്ലിം വിഭാഗം; ജനങ്ങളെ ഒന്നിപ്പിക്കാനല്ല, ഭിന്നിപ്പിക്കാനാണ് സംഘപരിവാറിന് താൽപര്യം; എങ്ങനെ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാം എന്നതിന്റെ പരീക്ഷണങ്ങളിലാണ് അവരെന്നും പിണറായി വിജയൻ
തിരുവനന്തപുരം: ബിജെപിയേയും ആർഎസ്എസിനേയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാർ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ച് നിർത്താനല്ല ശ്രമിക്കുന്നത്. ഐക്യം സംഘപരിവാർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവർ തുടക്കം മുതൽ തന്നെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം തന്നെ ഇന്നൊരു പ്രത്യേക സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനൊരു കാലത്താണ് നമ്മുടെ രാജ്യത്ത് മുസ്ലീമിനേയും ക്രിസ്ത്യാനിയേയും ന്യൂനപക്ഷ വിഭാഗങ്ങളേയും ശത്രുക്കളായി കാണുന്ന നിലപാട് സംഘപരിവാരിന്റെ ഭാഗത്ത് നിന്നുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് മുസ്ലിം വിഭാഗമാണെന്നത് കാണാൻ സാധിക്കും. ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ താമസസ്ഥലം ഇടിച്ച് തകർക്കുന്നത് നാം കണ്ടതാണ്. ഹരിയാനയിൽ നമസ്‌ക്കരിച്ച് കൊണ്ടിരുന്ന മുസ്ലീങ്ങളുടെ നേരെയാണ് ബജ്രംഗ്ദൾ ആക്രമണം നടത്തിയത്. അത് വളരെ പഴയ കഥയല്ല. എന്താണ് സംഘപരിവാർ ഇവിടത്തെ മുസ്ലീങ്ങളോട് സ്വീകരിക്കുന്ന സമീപനമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഘട്ടത്തിൽ അതുകൊണ്ട് അവിടെ ഒതുങ്ങുന്നില്ലെന്നും ഇനി ലക്ഷ്യം കാശിയും മഥുരയുമാണെന്ന് പ്രഖ്യാപിച്ചവരാണ് സംഘപരിവാറുകാറെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.ഇപ്പോൾ സംഘപരിവാർ കാശിയിലെ ഗാൻവ്യാപിയും മഥുരയിലെ ശാഹിദ് ഘാസ് മസ്ജിദും തകർക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നുവെന്നത് വ്യക്തമാക്കുന്നു. കഴിഞ്ഞ മെയ് 17ന് ഗാൻവ്യാപി പള്ളിയിൽ ശിവലിംഗം കണ്ടെടുത്തായി ഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുകയുണ്ടായി. എങ്ങനെയാണ് നാട്ടിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാൻ കഴിയുക എന്നതിന്റെ പരീക്ഷണങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നമ്മുടെ രാജ്യത്ത് ജനങ്ങൾ സുരക്ഷിത ബോധത്തിൽ കഴിയുന്ന നിലയുണ്ടാകണം. ഏതെങ്കിലും ഒരു വിഭാഗം ആശങ്കയിലോ അരക്ഷിതാവസ്ഥയിലോ കഴിയേണ്ടി വരുന്ന നിലയുണ്ടാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.