ഒറ്റപ്പാലം: വിവാഹ മോചനക്കേസിന്റെ നടപടികൾക്കായി കുടുംബ കോടതിയിലെത്തിയ യുവതിയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. ഇരുകൈകൾക്കും ഗുരുതരമായി പരുക്കേറ്റ 24കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനിശ്ശേരി കരുവാൻപുരയ്ക്കൽ സുബിതയെ (24) ആണ് ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് സൗത്ത് പനമണ്ണ തെക്കത്തുപറമ്പിൽ രഞ്ജിത്ത് (33) ആയുധവുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സുബിതയും രഞ്ജിത്തും വിവാഹ മോചന കേസിനായി ഇന്നലെ രാവിലെ തോട്ടക്കരയിലെ കുടുംബ കോടതിയിലെത്തിയപ്പോഴാണ് സംഭവം. ഭർത്താവിൽ നിന്ന് അകന്നു കഴിയുന്ന സുബിത സുഹൃത്തിനൊപ്പമാണു കോടതിയിൽ എത്തിയത്. വിവാഹമോചനക്കേസിന്റെ നടപടികളുടെ ഭാഗമായ കൗൺസലിങ്ങിന് എത്തിയതാണു സുബിതയും രഞ്ജിത്തും. കൗൺസലിങ്ങിനു ശേഷം പുറത്തിറങ്ങിയ സുബിതയും രഞ്ജിത്തും തമ്മിൽ കോടതിക്ക് പുറത്ത് വെച്ച് വാക്കു തർക്കം ഉണ്ടായി.

ഇതിനിടെ രഞ്ജിത്ത് മടവാൾ ഉപയോഗിച്ചു സുബിതയെ വെട്ടുകയായിരുന്നു. കോടതിക്കു മുന്നിൽ പാതയോരത്തായിരുന്നു സംഭവം.ഇരുവരും തമ്മിൽ വാക്കുതർക്കവും നടന്നെന്നാണു പൊലീസിനു ലഭിച്ച വിവരം. വെട്ടേറ്റ സുബിതയെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷമാണു യുവതിയെ വിദഗ്ധ ചികിത്സയ്ക്കു തൃശൂരിലേക്കു മാറ്റിയത്.