- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീവ് വേക്കൻസി സേവന കാലയളവ് പെൻഷന് പരിഗണിക്കില്ല; ഹൈക്കോടതി
കൊച്ചി: ലീവ് വേക്കൻസിയിലുള്ള താൽക്കാലിക സേവന കാലം പെൻഷനു പരിഗണിക്കില്ലെന്നു ഹൈക്കോടതി. എയ്ഡഡ് കോളജ് അദ്ധ്യാപകരുടെ ലീവ് വേക്കൻസി സേവന കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്കു പരിഗണിക്കില്ലെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കുക ആയിരുന്നു. ലീവ് വേക്കൻസിയിൽ ജോലി ചെയ്തതിന്റെ തുടർച്ചയായി അതേ സ്ഥാപനത്തിൽ സ്ഥിരം ഒഴിവിൽ നിയമിക്കപ്പെട്ടാലും താൽക്കാലിക സേവന കാലം പെൻഷനു പരിഗണിക്കില്ലെന്നു കോടതി വ്യക്തമാക്കി.
സ്വകാര്യ കോളജ് അദ്ധ്യാപകരുടെ പെൻഷനു ബാധകമായ കെഎസ്ആർ പാർട്ട്3ലെ നാലാം ചട്ടം അനുസരിച്ച് പരിമിത കാലത്തേക്കു മാത്രം നിയമിക്കപ്പെടുന്നവർക്കു പെൻഷൻ അവകാശപ്പെടാനാവില്ല. 14 ഇ(ബി) ചട്ടം അനുസരിച്ച് സ്വകാര്യ കോളജിലെ റഗുലർ ഫുൾടൈം സേവനമാണു പെഷൻഷന് അർഹതപ്പെട്ടതെന്നും കോടതി വ്യക്തമാക്കി. സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് പി. ബി.സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി. ഇതോടെ, താൽക്കാലിക സേവനകാലം പെൻഷനു പരിഗണിക്കില്ലെന്നുള്ള സർക്കാർ ഉത്തരവു പ്രാബല്യത്തിലാകും.
ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ നിന്നു വിരമിച്ച ഡോ. എസ്.സുഷമയുടെ ലീവ് വേക്കൻസി സേവനകാലം പെൻഷൻ ആനുകൂല്യങ്ങൾക്കു പരിഗണിക്കാൻ യോഗ്യമാണെന്നു സിംഗിൾ ജഡ്ജി വിധിച്ചതു ചോദ്യം ചെയ്താണു സർക്കാർ അപ്പീൽ നൽകിയത്. ഹർജിക്കാരിയുടെ ലീവ് വേക്കൻസി സേവനകാലം ഫുൾടൈം സേവനം ആകില്ലെന്നും പെൻഷൻ ക്ലെയിം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. കെഎസ്ആർ ചട്ടങ്ങൾ പ്രകാരം, മുൻപു ജോലി ചെയ്ത അദ്ധ്യാപകന്റെ അവകാശം സസ്‌പെൻഡ് ചെയ്തിട്ടില്ലെങ്കിൽ പകരക്കാർക്ക് അവകാശം ഉണ്ടാവില്ല. സ്ഥിരം നിയമനത്തിനു മുൻപ് അതേ കോളജിൽ താൽക്കാലിക സേവനം ചെയ്ത കാലം പെൻഷനു പരിഗണിക്കില്ലെന്ന മുൻ ഉത്തരവുകളും ചൂണ്ടിക്കാട്ടി.
കേസ് ഇങ്ങനെ: ഹർജിക്കാരിയുടെ പെൻഷൻ ആനുകൂല്യങ്ങൾ കണക്കാക്കാൻ ലീവ് വേക്കൻസി സേവനകാലം ഒഴിവാക്കിയതാണു തർക്കവിഷയം. 1994 ഫെബ്രുവരി 4 മുതൽ ലീവ് വേക്കൻസിയിൽ ജോലി ചെയ്തു വന്ന ഹർജിക്കാരിക്ക് 1997 ഏപ്രിൽ ഒന്നിന് അതേ കോളജിൽ സ്ഥിരനിയമനം കിട്ടി. സർവീസിൽ കയറിയ ശേഷം സീനിയർ സ്‌കെയിൽ, സിലക്ഷൻ ഗ്രേഡ് സ്ഥാനങ്ങൾ നൽകാൻ ലീവ് വേക്കൻസി സേവനകാലം പരിഗണിച്ചിരുന്നു എന്നതിനാൽ പെൻഷൻ ആനുകൂല്യങ്ങൾക്കും അതു പരിഗണിക്കാം എന്നു സിംഗിൾ ബെഞ്ച് വിലയിരുത്തി. പുതിയ ഉത്തരവിറക്കാൻ സർക്കാരിനു നിർദ്ദേശം നൽകുകയും ചെയ്തു.