- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് വീടുകളിലും ഫ്ളാറ്റുകളിലും എത്തിച്ചു നൽകുന്നതായി വിവരം; കാക്കനാട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
കാക്കനാട് :മയക്ക് മരുന്ന് വീടുകളിൽ എത്തിച്ചു നൽകുന്ന രണ്ടു പേർ എം ഡി എം എ യുമായി പിടിയിൽ. കാക്കനാട്, എൻജിഒ ക്വാർട്ടേഴ്‌സ് ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ രഹസ്യ നീക്കത്തിലാണ് മാരക രാസലഹരി മരുന്നുമായി രണ്ട് പേർ പിടിയിലായത്. കാക്കനാട്, ടി വി സെന്റർ ദേശത്ത്, ഇടനക്ക ചാലിൽ വീട്ടിൽ, അഷ്‌കർ നസീർ (21) കൊടുങ്ങല്ലൂർ എടത്തുരുത്തി ദേശത്ത്, തണ്ടാശ്ശേരി വീട്ടിൽ, ജാക്ക് റ്റി എ (22) എന്നിവരാണ് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്.
അർദ്ധരാത്രി ആകുന്നതോടെ ഇവർ കാക്കനാടും പരിസര പ്രദേശങ്ങളിലും ഫ്‌ളാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളിൽ ഓർഡർ അനുസരിച്ച് മയക്കുമരുന്നു എത്തിച്ച് നൽകിയിരുന്നതായി എക്‌സൈസ് അധികൃതർ പറഞ്ഞു. ഇവരുടെ പക്കൽ നിന്നും 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ഒരു മാസം മുൻപ് തൃക്കാക്കര ഭാഗത്ത് നിന്നും പിടിലായവർ നൽകിയ വിവരത്തെ തുടർന്ന് ഇവർ ഇരുവരും സിറ്റി മെട്രോ ഷാഡോയുടെയും എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.
വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിച്ച് കൊണ്ടായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. കാക്കനാട് എൻ ജി ഒ ക്വാർട്ടേഴ്‌സിന് അടുത്ത് കിഴക്കേക്കര റോഡിലുള്ള അപ്പാർട്ട്‌മെന്റിൽ ഇവർ മയക്ക് മരുന്നുമായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
പ്രധാനമായും റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന 'പാർട്ടി ഡ്രഗ്ഗ് ' എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിൻ ഡയോക്‌സി മെത്താഫിറ്റമിനാണ് (എം ഡി എം എ) ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇവരിൽ നിന്ന് നിരവധി പേർ മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്. ഈ ഇനത്തിൽപ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.
ഇവരുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ ജി അജിത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ ഡി ടോമി, പി പത്മ ഗിരിശൻ, പി സി സനൂപ്, പ്രമിത സി ജി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയി ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.